പോത്ത് മോഷണക്കേസ് പ്രതി 57 വർഷങ്ങൾക്കുശേഷം അറസ്റ്റിൽ; 22 വയസിൽ ചെയ്ത കുറ്റത്തിന് പിടിയിലായത് 79ൽ
text_fieldsപോത്ത് മോഷണക്കേസ് പ്രതി 57 വർഷങ്ങൾക്കുശേഷം പൊലീസ് പിടിയിൽ. 1965ല്‍ രജിസ്റ്റര്‍ ചെയ്ത മോഷണ കേസിലെ ജാമ്യവ്യവസ്ഥ ലംഘിച്ചതിന്റെ പേരിലാണ് 79 കാരന്‍ അറസ്റ്റിലായത്. കർണാടകയിലെ ബിദാര്‍ പൊലീസാണ് മഹാരാഷ്ട്രയിലെ ഗ്രാമത്തില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. 22 വയസിൽ ചെയ്ത മോഷണത്തിന് 79ാം വയസിലാണ് വയോധികൻ പിടിയിലാകുന്നത്.
1965ല്‍ കർണാടകയിലെ ബാല്‍കി താലൂക്കിലെ മെഹ്കര്‍ ഗ്രാമത്തിലെ ഒരു വീട്ടില്‍ നിന്നും രണ്ട് പോത്തുകളെയും ഒരു കിടാവിനെയും മോഷ്ടിച്ചതായാണ് കേസ്. കിഷന്‍ ചന്ദാര്‍, ഗണപതി വിതല്‍, വാഗ്മോര്‍ എന്നിവരായിരുന്നു കേസിലെ പ്രധാന പ്രതികള്‍. മുരളീധര്‍ റാവു കുല്‍ക്കര്‍ണി എന്നയാളുടെ വീട്ടില്‍ നിന്നാണ് പോത്തുകളെ മോഷ്ടിച്ചത്. അന്ന് മുരളീധര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. പിന്നീട് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. എന്നാല്‍ പ്രതികള്‍ ജാമ്യവ്യവസ്ഥ ലംഘിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് കോടതി സമന്‍സുകള്‍ അയച്ചെങ്കിലും ഇവര്‍ പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. തുടർന്ന് ഇരുവരേയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു.
ഒന്നാം പ്രതിയായ കിഷന്‍ ചന്ദാര്‍ 2006ല്‍ മരിച്ചതിനെ തുടര്‍ന്ന്, പൊലീസ് സംഭവത്തെ തീര്‍പ്പാകാത്ത കേസുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി. പിന്നീട് ബീദാര്‍ എസ്പിയുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക സംഘം രണ്ടാം പ്രതിയായ ഗണപതി വിതല്‍ വാഗ്മോറിനായി തെരച്ചില്‍ ആരംഭിച്ചിരുന്നു. ഇയാൾ മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ലയിലെ ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. ഇവിടെ നിന്നുമാണ് പ്രതിയെ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.