ക്രിമിനൽ കേസുകളിലെ പ്രതി കാപ പ്രകാരം അറസ്റ്റിൽ
text_fieldsഓച്ചിറ: 2018 മുതൽ ജില്ലയിലെയും സമീപ ജില്ലകളിലെയും പൊലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിൽ പ്രതിയായ കുറ്റവാളി കാപ പ്രകാരം അറസ്റ്റിൽ. വധശ്രമം, നരഹത്യശ്രമം, കഠിനദേഹോപദ്രവം, അക്രമം, കവർച്ച, അടിപിടി തുടങ്ങി നിരവധി കേസുകളിലും എൻ.ഡി.പി.എസ് ആക്ട് പ്രകാരവും ആയുധ നിയമപ്രകാരവും പ്രതിയായ ഓച്ചിറ പായിക്കുഴി മുറിയിൽ മോഴൂർതറയിൽ വീട്ടിൽ പ്യാരി (21) ആണ് ഓച്ചിറ പൊലീസിന്‍റെ പിടിയിലായത്. 2022ൽ കരുനാഗപ്പള്ളി സ്റ്റേഷനിൽ എൻ.ഡി.പി.എസ് ആക്ട് പ്രകാരം മാരക മയക്കുമരുന്ന് പിടിച്ചെടുത്ത കേസിൽ പ്രതിയാണ്. 2021ൽ മോട്ടോർ സൈക്കിൾ നന്നാക്കിയതിന്‍റെ പണം ആവശ്യപ്പെട്ടതിന് ആക്രമണം, 2020ൽ മദ്യക്കുപ്പി കൊണ്ട് തലക്കടിച്ച് നരഹത്യക്ക് ശ്രമം എന്നീ കേസുകൾ ഓച്ചിറ സ്റ്റേഷനിലുണ്ട്.
കായംകുളം സ്റ്റേഷനിൽ 2019ൽ വീടുകയറി ആക്രമിച്ചതിനും വധഭീഷണി മുഴക്കിയതിനും കേസുണ്ട്. ജില്ല പൊലീസ് മേധാവി ടി. നാരായണൻ കലക്ടർ അഫ്സാന പർവീണിന് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കരുതൽ തടങ്കലിന് ഉത്തരവായത്. കൊടുംക്രിമിനലുകൾക്കെതിരെ നടപടി ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഇത്തരക്കാരെ പ്രത്യേകം നിരീക്ഷിക്കുന്നതിനായി ഓരോ പൊലീസ്സ്റ്റേഷനിലും സബ് ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതായി ജില്ല പൊലീസ് മേധാവി അറിയിച്ചു. ഓച്ചിറ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. വിനോദിന്‍റെ നേതൃത്വത്തിൽ എസ്.ഐ നിയാസ്, സി.പി.ഒമാരായ കനീഷ്, വിനോദ്, പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് രേഖപ്പെടുത്തി. പ്യാരിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.