വെടിവെപ്പ്: പ്രതി ഉപയോഗിച്ചത് യു.കെ നിർമിത ബി.എസ്.എ കമ്പനി തോക്ക്
text_fieldsകാഞ്ഞാർ: മൂലമറ്റം വെടിവെപ്പ് സംഭവത്തിൽ പ്രതി ഉപയോഗിച്ച തോക്ക് യു.കെ നിർമിത ബി.എസ്.എ (ബിർമിങ്ഹാം സ്മോൾ ആമ്സ്) കമ്പനിയുടേതെന്ന് വ്യക്തമായി. അതിലുപയോഗിച്ച തിര കർണാടകയിലെ ബല്ലാരി ശക്തിമാൻ കമ്പനിയുടേതാണെന്നും ഫിലിപ് മാർട്ടിൻ തിര വാങ്ങിയത് തമിഴ്നാട് സ്വദേശി നല്ലതമ്പിയിൽനിന്നാണെന്നും അന്വേഷണസംഘം കണ്ടെത്തി. ഇക്കാര്യങ്ങൾ കൂടുതൽ അന്വേഷിക്കാൻ ഒരുപൊലീസ് സംഘം കർണാടകയിലേക്കും ഒന്ന് തമിഴ്നാട്ടിലേക്കും തിരിച്ചു.
മൂലമറ്റത്തെ തട്ടുകടയിൽ ഇഷ്ടഭക്ഷണം നൽകാത്തതിനെത്തുടർന്നുണ്ടായ വെടിവെപ്പിൽ, തോക്ക് കരിങ്കുന്നത്തെ ഇരുമ്പുപണിക്കാരന്റെ അടുക്കൽനിന്ന് ഒരു ലക്ഷം രൂപക്ക് വാങ്ങിയതാണെന്നാണ് പ്രതി ഫിലിപ് മാർട്ടിൻ മൊഴി നൽകിയിരുന്നത്. എന്നാൽ, അന്വേഷണത്തിൽ തോക്ക് യു.കെ നിർമിതമാണെന്നും ബി.എസ്.എ കമ്പനിയുടേതാണെന്നും കണ്ടെത്തി.
എന്നാൽ, സൈനിക, കായിക തോക്കുകൾ, സൈക്കിളുകൾ, കാറുകൾ, ബസുകൾ എന്നിവ നിർമിക്കുന്ന ഈ കമ്പനി, 1980നുശേഷം ഇന്ത്യയിലേക്ക് തോക്ക് ഇറക്കുമതി നിർത്തലാക്കിയിരുന്നു. ആയതിനാൽ പലരിൽനിന്നും കൈമറിഞ്ഞ് ഫിലിപ്പിന്‍റെ കൈവശം എത്തിയതാകാനാണ് സാധ്യത.
മാർച്ച് 26നാണ് മൂലമറ്റം അശോകയിലെ തട്ടുകടയിൽ പോട്ടി ചോദിച്ചതിനെത്തുടർന്ന് മൂലമറ്റം സ്വദേശി മാവേലി പുത്തൻപുര വീട്ടിൽ ഫിലിപ് മാർട്ടിനുമായി വാക്തർക്കവും സംഘർഷവും ഉണ്ടായത്. തുടർന്ന് എ.കെ.ജി കവലയിൽ ഉണ്ടായ വെടിവെപ്പിൽ അതുവഴി സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കീരിത്തോട് സ്വദേശി സനൽ മരണപ്പെടുകയും സഹയാത്രികൻ കണ്ണിക്കൽ സ്വദേശി മാളിയേക്കൽ പ്രദീപ് പുഷ്കരന് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.