ക്രൈംബ്രാഞ്ച് ചമഞ്ഞ് വനിത ഡോക്ടറിൽനിന്ന് പണം തട്ടിയ പ്രതികൾ പിടിയിൽ
text_fieldsപീരുമേട്: ക്രൈംബ്രാഞ്ച് ചമഞ്ഞ് വനിത ഡോക്ടറെ തട്ടിക്കൊണ്ട് പോയി പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. കോട്ടയം പനച്ചിക്കാട് മറ്റത്തിൽ വീട്ടിൽ മനു(39), കരിന്തരുവി ചപ്പാത്ത് ഹെവൻ വാലിതോട്ടത്തിൽ കിണറ്റുമൂട്ടിൽ സാം കോര (33) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ഏലപ്പാറയിൽ സ്വകാര്യ ക്ലിനിക് നടത്തുന്ന തമിഴ്നാട് കമ്പത്ത് സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടറെയാണ് തട്ടിക്കൊണ്ട് പോയി 50,000 രൂപ കവർന്നത്. ഇരുവരും വാടകക്കെടുത്ത ഇന്നോവ കാറിൽ ഏലപ്പാറയിലെ ക്ലിനിക്കിൽ എത്തി അവിടെനിന്ന് ഒരു ജീവനക്കാരനെ വാഹനത്തിൽ കയറ്റി കമ്പം ആശുപത്രിയിലെത്തി.
തിരുവനന്തപുരത്ത് നിന്നെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണൈന്നും ഡോക്ടറുടെ പേരിൽ കേസുണ്ടെന്നും പണം നൽകിയാൽ ഒഴിവാക്കാമെന്നും അറിയിച്ചു. തുടർന്ന്, ഡോക്ടറെയും ജീവനക്കാരനെയും വാഹനത്തിൽ കയറ്റി കുമളിയിൽ എത്തുകയും 50,000 രൂപ വാങ്ങിയശേഷം ഇരുവരെയും ഇറക്കിവിടുകയുമായിരുന്നു. കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ ഡോക്ടർ പീരുമേട് ഡിവൈ.എസ്.പി സനൽകുമാറിന് പരാതി നൽകി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ സാം കോരയുടെ ചപ്പാത്തിലെ വീട്ടിൽനിന്ന് ഇരുവരെയും പിടികൂടുകയായിരുന്നു. പിടിയിലാകുമ്പോൾ ഇവർ ഇന്നോവ ഉപേക്ഷിച്ച് വാടകക്കെടുത്ത മറ്റൊരു കാറാണ് ഉപയോഗിച്ചിരുന്നത്. എക്സൈസ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന യൂനിഫോം, ബെൽറ്റ് , തൊപ്പി എന്നിവ കാറിൽനിന്ന് കണ്ടെടുത്തു. പ്രതികൾക്കെതിരെ മറ്റ് സ്റ്റേഷനുകളിലും കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.
മനു കോവിഡ് പോസിറ്റിവാണ്. എസ്.ഐ അഫ്സൽ. എ.എസ്.ഐ.നസീമ, സി.പി.ഒ സിയാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.