പശുക്കളെ കടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ
text_fieldsവൈക്കം: ഒന്നര ലക്ഷത്തിലധികം രൂപ വിലവരുന്ന രണ്ട് ഗർഭിണിപ്പശുക്കളെ മോഷ്ടിച്ച് കടത്തിയ കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. വൈക്കം കൊടിയാട് പുത്തൻപുരയിൽ രാജഗോപാലൻ- സുജാത ദമ്പതികളുടെ പശുക്കളെ വാഴമന കൊടിയാടു ഭാഗത്തെ റോഡരികിൽനിന്ന് മോഷ്ടിച്ച കേസിൽ രാജഗോപാലിന്‍റെ ബന്ധുക്കളായ ചെമ്പ് വാഴേകാട് സ്വദേശി വാസുദേവൻ (57) ഉദയനാപുരം പടിഞ്ഞാറെക്കര സ്വദേശി അനൂപ് എന്നിവരെയാണ് എസ്.ഐ അജ്മൽ ഹുസൈൻ അറസ്റ്റ്ചെയ്തത്. കഴിഞ്ഞദിവസം രാത്രി ഉൾപ്രദേശത്തെ വിജനമായ വഴികളിലൂടെ പശുക്കളെ കടത്തിക്കൊണ്ടുപോയ പ്രതികൾ പശുക്കളെ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് കുടുക്കുകയായിരുന്നു. പശുക്കളെ വളർത്തി ഉപജീവനം കഴിച്ചുവെന്ന കുടുംബം പശുക്കൾ അപഹരിക്കപ്പെട്ടതോടെ കടുത്ത പ്രതിസന്ധിയിലായി.
മോഷ്ടാക്കളെ പിടികൂടാനായി പൊലീസിന്‍റെ കൂട്ടായ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്. പശുവിന്‍റെ ഉടമസ്ഥനായ രാജഗോപാലും ബന്ധുക്കളുമായി കുറച്ചു കാലമായി കലഹത്തിലായിരുന്നു. സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും ഇവർ തമ്മിൽ ഭിന്നതയുണ്ടായിരുന്നു. ഈ വിരോധത്തിന്‍റെ ഭാഗമായാണ് പശുക്കളെ മോഷ്ടിച്ചു കൊണ്ടുപോയി ഇവർ വിൽക്കാൻ തുനിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.