കിടപ്പറ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയ ജീവനക്കാരനെ കൊന്ന് മൃതദേഹം ട്രോളിയിലാക്കി
text_fieldsന്യൂഡൽഹി: കിടപ്പറ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയ ജീവനക്കാരനെ വ്യവസായി കൊലപ്പെടുത്തി. സൗത്ത് ഡൽഹി മാർക്കറ്റിന് സമീപം സരോജിനി നഗറിലാണ് സംഭവം. വസ്ത്രവ്യാപാരിയായ 36കാരനാണ് തന്‍റെ സ്ഥാപനത്തിലെ 22കാരനായ തൊഴിലാളിയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ വ്യവസായിയെയും കൃത്യത്തിന് സഹായിച്ച അനന്തരവനെയും പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ട് മക്കളുള്ള വ്യവസായിയുമായി സ്വവർഗ ബന്ധം പുലർത്തിയ ജീവനക്കാരൻ അതിന്‍റെ വീഡിയോ കാമറയിൽ പകർത്തിയിരുന്നു. പിന്നീട് ഈ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി വ്യവസായിയിൽ നിന്ന് പണം തട്ടിയെടുക്കാൻ ജീവനക്കാരൻ ശ്രമിച്ചു. പണം നൽകിയില്ലെങ്കിൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുമെന്നായിരുന്നു ജീവനക്കാരന്‍റെ ഭീഷണി. ഇതോടെ യു.പി സ്വദേശിയായ മരുമകനെ വ്യവസായി വിവരമറിയിക്കുകയും കൊലപാതകം ആസൂത്രണം ചെയ്യുകയുമായിരുന്നു.
കൃത്യം നടത്തുന്നതിന് മുന്നോടിയായി സരോജിനി നഗറിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള യൂസഫ് സരായിലെ ഗസ്റ്റ് ഹൗസിൽ വ്യവസായി രണ്ട് മുറികൾ ബുക്ക് ചെയ്തു. ശേഷം കുറച്ച് ജോലിയുണ്ടെന്ന് പറഞ്ഞ് ഗസ്റ്റ് ഹൗസിലേക്ക് ജീവനക്കാരനെ വിളിച്ചുവരുത്തി. തുടർന്ന് കയർ ഉപയോഗിച്ച് ജീവനക്കാരനെ കെട്ടിയിട്ട ശേഷമാണ് കൊലപാതകം നടത്തിയത്.
കൊല നടത്തിയതിന് ശേഷം മൃതദേഹം ട്രോളി ബാഗിലാക്കി സരോജിനി നഗർ മെട്രോ സ്റ്റേഷന് പുറത്ത് ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥനായ ഗൗരവ് ശർമ്മ പറഞ്ഞു. പ്രതികൾ വലിയൊരു ട്രോളി ബാഗുമായി പോകുന്നതിന്‍റെ സി.സി.ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.