സഹപാഠിയുമായി വഴക്കിട്ടു; ഡൽഹിയിൽ 14കാരനെ സ്കൂളിന് പുറത്ത് കുത്തിക്കൊന്നു, ഏഴ് പേർ കസ്റ്റഡിയിൽ
text_fieldsന്യൂഡൽഹി: സഹപാഠിയുമായി വഴക്കിട്ടതിനു പിന്നാലെ ഡൽഹിയിൽ 14കാരനെ കുത്തിക്കൊന്നു. ഷകർപുരിലെ രാജകീയ സർവോദയ ബാലവിദ്യാലയയിലെ വിദ്യാർഥിയായ ഇഷു ഗുപ്തയാണ് വെള്ളിയാഴ്ച സ്കൂളിനു പുറത്ത് കൊല്ലപ്പെട്ടത്. സ്കൂളിലെ എക്സ്ട്രാ ക്ലാസിനിടെ സഹപാഠിയായ കൃഷ്ണയുമായി ഇഷു വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ക്ലാസ് കഴിഞ്ഞ് ഇറങ്ങിയതിനു പിന്നാലെ ഒരു സംഘം ആളുകളുമായെത്തിയ കൃഷ്ണ, ഇഷുവിനെ ആക്രമിക്കുകയായിരുന്നു.
അക്രമികളിൽ ഒരാൾ ഇഷുവിന്റെ തുടയിൽ ആഴത്തിൽ കുത്തി മുറിവേൽപ്പിച്ചിരുന്നു. സ്കൂളിലെ ജീവനക്കാർ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസും ലഹരിവിരുദ്ധ സേനയും ചേർന്ന് നടത്തിയ അന്വേഷണത്തിനു പിന്നാലെ ഏഴ് പേരെ അറസ്റ്റ് ചെയ്തു. ഇതിൽ അഞ്ച് പേർ പ്രായപൂർത്തി ആകാത്തവരാണ്. 19ഉം 31ഉം വയസ്സ് പ്രായമുള്ളവരാണ് മറ്റ് രണ്ടുപേർ. കൊല്ലപ്പെട്ട കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞയാഴ്ച ഫരീദബാദിൽ സമാനമായ മറ്റൊരു സംഭവത്തിൽ പ്ലസ് വൺ വിദ്യാർഥി കുത്തേറ്റ് മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളുമായി ഏതാനും ദിവസം മുമ്പ് വാക്കേറ്റത്തിൽ ഏർപ്പെട്ടതാണ് കൊലക്ക് കാരണമെന്ന് കൊല്ലപ്പെട്ടയാളുടെ സഹോദരി പറഞ്ഞിരുന്നു. മാർക്കറ്റിലെത്തിയ വിദ്യാർഥിയെ കുറുവടി ഉപയോഗിച്ച് മർദിക്കുകയും പിന്നാലെ കുത്തുകയുമായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.