ധീരജ് വധം: ഇതുവരെ കത്തി കണ്ടെത്താനായില്ല
text_fieldsചെറുതോണി: ഇടുക്കി ഗവ.എൻജിനീയറിങ് കോളജ് വിദ്യാർഥി ധീരജ് വധക്കേസിലെ പ്രധാന തെളിവായ കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്താനുള്ള പരിശോധന രണ്ടാംദിവസവും ഇടുക്കി കലക്ടറേറ്റിന് സമീപത്തെ വനപ്രദേശത്ത് നടന്നു. വെള്ളിയാഴ്ച ഡമ്മി പരീക്ഷണവും നടത്തി. കാറിൽക്കയറി രക്ഷപ്പെടുന്നതിനിടെ ഇടുക്കി കലക്ടറേറ്റിന് മുന്നിലെ വനത്തിലേക്ക് കത്തി വലിച്ചെറിഞ്ഞെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഡമ്മി പരീക്ഷണം. ഡിവൈ.എസ്.പിമാരായ ഇമ്മാനുവേൽ പോൾ, കെ.എ. തോമസ്, പയസ് ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്.
പൊലീസ് കസ്റ്റഡിയിലുള്ള ധീരജ് കൊലപാതക കേസിലെ ഒന്നാം പ്രതി നിഖിൽ പൈലിയുടെ കസ്റ്റഡി കാലാവധി ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് പ്രതിയെ എത്തിച്ച് തെളിവെടുപ്പ് രണ്ടാംദിവസവും നടന്നത്. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. ഇതിലും കത്തി കിട്ടാതായതോടെയാണ് പ്രതിയെ കാറിൽ കൊണ്ടുവന്ന് ഡമ്മി പരീക്ഷണം നടത്തിയത്. കൂടുതൽ പരിശോധനകളുടെ ഭാഗമായി കാന്തം ഉപയോഗിച്ചുള്ള പരിശോധനയും വെള്ളിയാഴ്ച നടത്തി. ശനിയാഴ്ച പ്രതിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുമെന്നിരിക്കെ എങ്ങനെയും കത്തി കണ്ടെത്താനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.