ഇടുക്കി ഡി.സി.സി പ്രസിഡന്‍റിനെതിരെ ധീരജിന്‍റെ പിതാവിന്‍റെ കേസ്
text_fieldsതളിപ്പറമ്പ്: കൊല്ലപ്പെട്ട മകനെ അപമാനിച്ചതിന് ഇടുക്കി ജില്ല കോൺഗ്രസ് പ്രസിഡന്റ് സി.പി. മാത്യുവിനെതിരെ നിയമനടപടിയുമായി ധീരജിന്റെ പിതാവ് ജി. രാജേന്ദ്രൻ. അഡ്വ. നിക്കോളാസ് ജോസഫ് മുഖേന തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മാത്യുവിനെതിരെ രാജേന്ദ്രൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
തൃച്ചംബരം 'അദ്വൈത'ത്തിലെ രാജേന്ദ്രന്റെ മകൻ ധീരജ് ഇടുക്കി ഗവ. എൻജിനീയറിങ് കോളജിൽ ബി.ടെക് കമ്പ്യൂട്ടർ സയൻസ് അവസാന വർഷ വിദ്യാർഥിയായിരിക്കെ കഴിഞ്ഞ ജനുവരി പത്തിനാണ് കൊല്ലപ്പെട്ടത്. കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ എട്ടുപേർക്കെതിരെ കൊലപാതകത്തിനും പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരവും കേസെടുത്തിരുന്നു.
കേസ് തൊടുപുഴ കോടതിയിൽ വിചാരണഘട്ടത്തിലാണ്. അതിനിടെ, കഴിഞ്ഞ ജൂൺ 25ന് കട്ടപ്പന മുരിക്കാശ്ശേരിയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സി.പി. മാത്യു തന്റെ മകനെ അപമാനിക്കുന്ന രീതിയിൽ പ്രസംഗിച്ചുവെന്നാണ് പരാതി. രാഹുൽ ഗാന്ധിയുടെ ഓഫിസിൽ കയറി പ്രതിഷേധിച്ചവർക്ക് ഇടുക്കി എൻജിനീയറിങ് കോളജ് വിദ്യാർഥി ധീരജിന്റെ അവസ്ഥയുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയ മാത്യു, കള്ളും കഞ്ചാവുമടിച്ച് നടന്ന സംഘത്തിൽപെട്ടയാളാണ് ധീരജെന്ന് താൻ മുമ്പ് പറഞ്ഞിരുന്നുവെന്നും പ്രസംഗിച്ചിരുന്നു.
ഇത് ദൃശ്യ-പത്രമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു. മകന്റെ അകാലത്തിലുള്ള ദാരുണാന്ത്യത്തിൽ തകർന്നു പോയ തനിക്കും ഭാര്യക്കും കൂടുതൽ മനോവേദനയുണ്ടാക്കുന്നതായിരുന്നു മാത്യുവിന്റെ പ്രസംഗം. ജീവിതത്തിലൊരിക്കലും മദ്യമോ മയക്കുമരുന്നോ ഉപയോഗിക്കാത്ത മകനെ അപകീർത്തിപ്പെടുത്താനും മാതാപിതാക്കൾക്കും ബന്ധുക്കൾക്കും മാനഹാനി വരുത്താനും കരുതിക്കൂട്ടി വ്യാജ ആരോപണം മാത്യു ഉന്നയിക്കുകയായിരുന്നുവെന്നും അതിനാൽ നിയമനടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ടാണ് ഹരജി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.