വ്യാജ ഡിജിറ്റൽ അറസ്റ്റിനിടെ 26കാരിയെ നഗ്നയാക്കി; 1.78 ലക്ഷം രൂപ തട്ടിയെടുത്തു
text_fieldsമുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസ് എന്ന വ്യാജേന മുംബൈയിൽ ഡിജിറ്റൽ അറസ്റ്റിനിടെ 26 വയസുകാരിയെ നഗ്നയാക്കി 1.7 ലക്ഷം രൂപ തട്ടിയെടുത്തു. ബോറിവാലി ഈസ്റ്റിൽ താമസിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ജോലി ചെയ്യുന്ന യുവതിയാണ് നവംബർ 19ന് തട്ടിപ്പിന് ഇരയായത്.
തട്ടിപ്പുകാർ ഡൽഹി പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞാണ് വിളിച്ചതെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. ജെറ്റ് എയർവേയ്‌സ് ചെയർമാൻ നരേഷ് ഗോയലുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൽ തന്‍റെ പേര് ഉയർന്നുവന്നതായി അവർ പറഞ്ഞതായും യുവതി പറയുന്നു.
അറസ്റ്റ് ചെയ്യുമെന്ന് വിളിച്ചവർ ഭീഷണിപ്പെടുത്തി. ‘ഡിജിറ്റൽ അറസ്റ്റിൽ’ ആയതിനാൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ ഒരു ഹോട്ടൽ മുറി ബുക്ക് ചെയ്യണമെന്ന് അവർ പറഞ്ഞതായി യുവതി വ്യക്തമാക്കി. ബോഡി വെരിഫിക്കേഷൻ ആവശ്യമാണെന്നു പറഞ്ഞ സംഘം വിഡിയോ കോളിനിടെ വസ്ത്രവും അഴിപ്പിച്ചു. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ പരിശോധിക്കാൻ 1,78,000 രൂപ ട്രാൻസ്ഫർ ചെയ്യണമെന്ന് തട്ടിപ്പുകാർ പറഞ്ഞു.
തട്ടിപ്പാണെന്ന് മനസിലാക്കിയ യുവതി നവംബർ 28ന് പൊലീസിനെ സമീപിച്ചു. ബി.എൻ.എസ്, ഐ.ടി ആക്ട് പ്രകാരം മുംബൈ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.