മാൻകൊമ്പ് കണ്ടെത്തിയ സംഭവം: മനുഷ്യാവകാശ കമീഷന് റിപ്പോർട്ട് നൽകി
text_fieldsകൽപറ്റ: വീട്ടിൽനിന്ന് മാൻകൊമ്പ് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് വനംവകുപ്പ് മനുഷ്യാവകാശ കമീഷനെ അറിയിച്ചു. വീട്ടിൽ വാടകക്ക് താമസിച്ചിരുന്നയാളാണ് മാൻകൊമ്പ് അലമാരിയിൽ സൂക്ഷിച്ചതെന്ന വീട്ടുടമസ്ഥയുടെ മൊഴിയിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
തന്നെ കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ച് മാനന്തവാടി സ്വദേശിനി ജിഷ സമർപ്പിച്ച പരാതിയിൽ കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ബേഗുർ റേഞ്ച് ഫോറസ്റ്റ് ഓഫിസറാണ് റിപ്പോർട്ട് നൽകിയത്.
ജിഷ ഒരു ജോഡി ആനക്കൊമ്പും മാൻകൊമ്പും വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ജിഷയുടെ സമ്മതപ്രകാരമാണ് വീട് തുറന്ന് പരിശോധന നടത്തിയത്. ജിഷയെ പ്രതി ചേർത്തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. പരാതിക്കാരി തന്നെയാണ് അലമാരിയിലുണ്ടായിരുന്ന മാൻകൊമ്പ് കാണിച്ചുതന്നത്.
മാൻകൊമ്പ് ഒളിപ്പിച്ചുവച്ച അലമാരയുടെ ഉടമസ്ഥ താനല്ലെന്ന് പരാതിക്കാരി പറഞ്ഞിട്ടില്ല. അലമാരിയുടെ താക്കോൽ പുതിയ താമസക്കാർക്ക് കൈമാറിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
മാൻകൊമ്പ് കണ്ടെത്തിയ വീട് വാടകക്ക് നൽകിയിരുന്നതാണെന്നും വാടക്കാരനായ ഷിബു എം. ജോർജും താനും തമ്മിൽ തർക്കമുണ്ടായെന്നും പരാതിക്കാരി കമീഷനെ അറിയിച്ചു. തന്നോട് പകരം വീട്ടുമെന്ന് വാടകക്കാരൻ പറഞ്ഞതായും പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.