ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട് തർക്കം; കെ.പി.എം.എസ് നേതാവിന് കുത്തേറ്റു
text_fieldsകാക്കനാട്: ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കെ.പി.എം.എസ് നേതാവായ ഓട്ടോ ഡ്രൈവറെ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി. കെ.പി.എം.എസ് തൃക്കാക്കര യൂനിയൻ പ്രസിഡൻറ് കാക്കനാട് വല്യാട്ടുമുകൾ വീട്ടിൽ കുഞ്ഞിപ്പള്ളി മകൻ രഘുവാണ് തൃക്കാക്കര പൊലീസിനെ സമീപിച്ചത്. തെങ്ങോട് ഓലിക്കുഴി വീട്ടിൽ ഒ.കെ. സാജു എന്നയാൾക്കെതിരെയാണ് പരാതി. മൂർച്ചയുള്ള ആയുധമുപയോഗിച്ച് തലയ്ക്ക് കുത്തി പരിക്കേൽപിക്കുകയായിരുന്നുവെന്ന് രഘു പറഞ്ഞു. തെങ്ങോട് വല്യാട്ടുമുകളിലെ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ഭരണത്തെ ചൊല്ലിയ തർക്കമാണ് ആക്രമണത്തിലേക്കെത്തിയത്.
തിങ്കളാഴ്ച രാത്രി ഏഴോടെയാണ് സംഭവം. പ്രദേശത്തെ കെ.പി.എം.എസ് ശാഖയിൽ വർഷങ്ങൾക്കു മുമ്പ് പിളർപ്പുണ്ടാകുകയും ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട് ഉൾപ്പെടെ തർക്കവും കോടതി ഇടപെടലുകളും ഉണ്ടായിരുന്നു. അതിനിടെ രഘു അംഗമായിട്ടുള്ള വിഭാഗത്തിന് അനുകൂലമായി കോടതി വിധി വരികയും ചെയ്തു. ഇതിലെ വൈരാഗ്യമാണ് മർദനത്തിലേക്ക് നയിച്ചതെന്നാണ് രഘുവിന്റെ ആരോപണം. ശനിയാഴ്ച രാത്രി കാക്കനാട് പള്ളിക്കര റോഡിൽ വെച്ച് സാജു രണ്ട് തവണ രഘുവിന്റെ ഓട്ടോറിക്ഷക്ക് വട്ടം വെച്ച് അമ്പലത്തിൽ കയറിയാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
മൂന്നാമത്തെ പ്രാവശ്യം വാഹനത്തിൽനിന്ന് വലിച്ചിറക്കി തലയിൽ പലതവണ കുത്തുകയായിരുന്നു എന്നും പരാതിയിലുണ്ട്. രഘു കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. രഘുവിനെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് കെ.പി.എം.എസ് തൃക്കാക്കര യൂനിയൻ പ്രതിഷേധ സംഗമം നടത്തി. സംഭവത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കെ.പി.എം.എസും തൃക്കാക്കര പൊലീസിനെ സമീപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.