ഡോക്ടറുടെ നാലുകോടി തട്ടിയ കേസ്: രണ്ടുപേർ കൂടി അറസ്റ്റിൽ
text_fieldsകോഴിക്കോട്: സൈബര്‍ തട്ടിപ്പിലൂടെ കോഴിക്കോട്ടെ ഡോക്ടറിൽ നിന്ന് നാലുകോടിയിലേറെ രൂപ കൈക്കലാക്കിയ കേസിൽ രണ്ടു പേർകൂടി അറസ്റ്റിൽ. മധ്യപ്രദേശിലെ അലോട്ട് സ്വദേശി ഷാഹിദ് ഖാന് (52), ഉജ്ജയിന്‍ സ്വദേശി ദിനേഷ് കുമാര്‍ ഫുല്‍വാനി (48) എന്നിവരെയാണ് സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റുചെയ്തത്. കേസിലെ മുഖ്യപ്രതി രാജസ്ഥാൻ സ്വദേശികളായ സുനില്‍ ദംഗി (48), കൂട്ടാളി ശീതള്‍ കുമാര്‍ മേഹ്ത്ത (28) എന്നിവർ നേരത്തെ പിടിയിലായിരുന്നു. കടക്കെണി, സാമുദായിക കലാപം, ആത്മഹത്യ, കൊലപാതകം അടക്കമുള്ളവ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഡോക്ടറിൽ നിന്ന് ഓണ്‍ലൈനായി 4,08,80,457 രൂപയാണ് സംഘം തട്ടിയെടുത്തത്.
രാജസ്ഥാനിലെ ദുംഗര്‍പൂര്‍ സ്വദേശി അമിത് ജയിനെന്ന് പരിചയപ്പെടുത്തിയയാൾ കോവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ടെന്നും, ഭാര്യയും അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബം കടക്കെണിയിലായതിനാൽ സഹായിക്കണമെന്നും അഭ്യർഥിച്ചാണ് ഡോക്ടറെ മെബൈൽ ഫോൺ വഴി ആദ്യം ബന്ധപ്പെട്ടത്. തുടർന്ന് പരാതിക്കാരന്റെ സഹതാപവും സഹാനുഭൂതിയും ചൂഷണം ചെയ്താണ് പണം തട്ടാൻ തുടങ്ങിയത്.
ആദ്യം നൽകിയ പണം തിരികെനൽകാൻ ഡോക്ടർ ആവശ്യപ്പെട്ടപ്പോള്‍ കുടുംബ സ്വത്ത് വില്പന നടത്തി പണം നല്കാമെന്നായി പ്രതികൾ. ഇതര സമുദായക്കാരടക്കം കൈയടക്കിയ തങ്ങളുടെ ഭൂമി പൊലീസ് ഇന്‍സ്പെക്ടര്‍, അസി. കമീഷണർ എന്നിവരടക്കം ഇടപെട്ടിട്ടും വിൽപന നടത്താനായില്ലെന്ന് പിന്നീട് അറിയിച്ചു. മാത്രമല്ല ഡോക്ടർ വീണ്ടും പണം നല്കാത്തതിനാൽ നാട്ടിൽ സാമുദായിക സംഘര്‍ഷമുണ്ടായി ഒരാള്‍ കൊല്ലപ്പെട്ടു എന്നും, തുടര്‍ന്ന് തന്റെ സഹോദരി ഡോക്ടറുടെ പേര് ആത്മഹത്യാക്കുറിപ്പില്‍ എഴുതി ജീവനൊടുക്കി എന്നും പറഞ്ഞു. ഇക്കാര്യം വിശ്വസിപ്പിക്കാൻ വ്യാജ ആത്മഹത്യാക്കുറിപ്പുണ്ടാക്കി പരാതിക്കാരന് അയച്ചുനൽകി.
ആത്മഹത്യാക്കുറിപ്പിൽ പേരുള്ളതിനാൽ സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയാകുമെന്നും നാട്ടുകാർ വന്ന് പരാതിക്കാരനെയും കുടുംബത്തെയും കൊലപ്പെടുത്താനിടയുണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയുമാണ് പിന്നീട് തുക കൈപ്പറ്റിയത്. സൈബര്‍ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ശാസ്ത്രീയാന്വേഷണത്തിൽ പ്രതികള്‍ രാജസ്ഥാനിലെ ബഡി സാദരി, ചിറ്റോര്‍ഗട്ട്, മധ്യപ്രദേശിലെ അലോട്ട്, ഉജ്ജയിന്‍ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണെന്ന് വ്യക്തമാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.