പൊലീസ് സംഘത്തിനുനേരെ പട്ടിയെ അഴിച്ചുവിട്ട സംഭവത്തിൽ യുവാവ് അറസ്റ്റിൽ
text_fieldsഏറ്റുമാനൂർ: പിടികൂടാനെത്തിയ പൊലീസ് സംഘത്തിനുനേരെ പട്ടിയെ അഴിച്ചുവിട്ട സംഭവത്തിൽ വാറന്റ് കേസിലെ പ്രതിയായ യുവാവ് അറസ്റ്റിൽ. ഏറ്റുമാനൂർ ചിറയിൽ വീട്ടിൽ നിധിൻ. സി. ബാബുവിനെയാണ് (39) ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിമിനല്‍ കേസിൽ പ്രതിയായ ഇയാൾ ജാമ്യത്തിൽ ഇറങ്ങിയശേഷം കോടതിയിൽ ഹാജരായിരുന്നില്ല. തുടർന്ന് കോടതി ഇയാൾക്കെതിരെ വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.
ഇതനുസരിച്ച് ഇയാൾ താമസിക്കുന്ന ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജങ്ഷനിലെ മൂന്ന് നില കെട്ടിടത്തിൽ പൊലീസ് എത്തിയപ്പോഴാണ് വളര്‍ത്തു നായ്ക്കളെ തുറന്നുവിട്ടത്. തിങ്കളാഴ്ച രാവിലെ പത്തോടെയാണ് പൊലീസ് സെന്‍ട്രല്‍ ജങ്ഷനിലുള്ള മൂന്ന് നില കെട്ടിടത്തിന് മുകളിലത്തെ നിലയിലെത്തുന്നത്. എന്നാല്‍, പ്രതി പൊലീസിനെ കണ്ടുടനെ വീട്ടിലുണ്ടായിരുന്ന രണ്ടു വളര്‍ത്തു നായ്ക്കളെ അഴിച്ചു വിട്ട് കത്തി കാണിച്ചു ഭീഷണിപെടുത്തുകയുമായിരുന്നു. തുടർന്ന് കതക് അടക്കുകയും ചെയ്തു.
പ്രതിക്ക് ഭാര്യയും രണ്ട് ചെറിയ കുട്ടികളും ഉണ്ടായിരുന്നതിനാല്‍ പൊലീസ് കതകു പൊളിച്ച് അകത്തു കടന്നു അറസ്റ്റ് ചെയ്തില്ല. ചൊവ്വാഴ്ച വെളുപ്പിന് വരെ പൊലീസ് കെട്ടിടത്തിനു ചുറ്റും വളഞ്ഞു നിന്നെങ്കിലും ഇയാൾ പുറത്തേക്കു വന്നില്ല. അകത്തു കടന്നു അറസ്റ്റ് ചെയ്താല്‍ ആത്മഹത്യ ചെയ്യുമെന്നും പ്രതി ഭീഷണിപ്പെടുത്തി. തുടർന്ന് പുറത്ത് പൊലീസ് കാവൽ തുടർന്നു. ഇതിനിടെ, ചൊവ്വാഴ്ച രാവിലെ പത്തോടെ അഭിഭാഷകന് എത്തിയതോടെ ഇയാൾ അറസ്റ്റിന് വഴങ്ങുകയായിരുന്നു. നിധിൻ ഏറ്റുമാനൂർ സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.