ഡ്രീം ഇലവൻ ആപ്പ് ഹാക്ക് ചെയ്തു; സെക്യൂരിറ്റി ഡയറക്ടറെ അറസ്റ്റ് ചെയ്ത് സൈബർ പൊലീസ്
text_fieldsമുംബൈ: ഫാന്‍റസി സ്പോർട്സ് ആപ്പായ ഡ്രീം ഇലവൻ ഹാക്ക് ചെയ്തെന്ന് കാണിച്ച് കമ്പനിയുടെ സെക്യൂരിറ്റി ഡയറക്ടർ അഭിഷേക് പ്രതാപ് സിങ്ങിനെ മഹാരാഷ്ട്ര സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. പണം തട്ടിയെടുക്കാൻ ഇയാൾ നിർണായക വിവരങ്ങൾ ചോർത്തിയെടുത്തെന്നാണ് കേസ്. റിപോസിറ്ററി വിവരങ്ങൾ ഡാർക് വെബിൽ വിൽപനക്ക് വെക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാൽ കമ്പനിയുടെ സി.ഇ.ഒക്ക് അടക്കം മെയിൽ അയച്ചെന്ന പരാതിയെ തുടർന്നാണ് നടപടി.
ആഗസ്റ്റ് 11നാണ് അഭിഷേക് പ്രതാപ്, സി.ഇ.ഒ ഹർഷ് ജയിനിനും മറ്റ് നാല് മുതിർന്ന ഉദ്യോഗസ്ഥർക്കും ഇ-മെയിൽ അയച്ചത്. സിറ്റി ഹബ് അക്കൗണ്ടിന്‍റെ സുരക്ഷ അപകടത്തിലാണെന്നും 1200 റിപ്പോസിറ്ററി വിവരം ചോർത്തിയെന്നും ഇയാൾ മെയിലിൽ വ്യക്തമാക്കി. നിർണായക വിവരങ്ങളടങ്ങിയ ഫയൽ മെയിലിൽ അറ്റാച്ച് ചെയ്തിരുന്നു. ആവശ്യപ്പെടുന്ന പണം തന്നില്ലെങ്കിൽ ഇത് ഡാർക് വെബിൽ വിൽപ്പനക്ക് വെക്കുമെന്നും ഇയാൾ മെയിലിൽ ഭീഷണിപ്പെടുത്തി.
ഡേറ്റ ചോർന്നാൽ ഡ്രീം ഇലവൻ ആപ്പിന്‍റെ പ്രവർത്തനങ്ങൾ മുഴുവൻ അവതാളത്തിലാകുമായിരുന്നു. കമ്പനിയിലെ ജീവനക്കാരനായ ജംഷിദ് ഭോപതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബർ പൊലീസ് കേസെടുത്തത്. പ്രതിയെ പിന്നീട് ബംഗളൂരുവിൽവച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ ലാപ്ടോപും മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.
ബി.എൻ.എസ്, ഐ.ടി ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് അഭിഷേക് പ്രതാപിനെതിരെ കേസ് ചുമത്തിയത്. ഇയാളെ ഈ മാസം 26 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കമ്പനിയുടെ സോഴ്സ് കോഡ് ഉപയോഗിച്ചാണ് പ്രതി വിവരങ്ങൾ ചോർത്തിയതെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.