വർണമനോഹരമായ അപൂർവ പാമ്പുകൾ കേക്ക് പായ്ക്കറ്റിൽ ഒളിപ്പിച്ച നിലയിൽ, വിൽപനക്കായി കൊണ്ടുവന്നത് ബാങ്കോക്കിൽനിന്ന്; ഒരാൾ പിടിയിൽ
text_fieldsമുംബൈ: അപൂർവ ഇനത്തിൽപെട്ട 11 പാമ്പുകളെ ഇറക്കുമതി ചെയ്ത് വിൽപന നടത്താനുള്ള ശ്രമത്തിനിടെ ഒരാൾ പിടിയിൽ. മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് അധികൃതർ നടത്തിയ പരിശോധനയിലാണ് വിവിധ വർണങ്ങളിലുള്ള മലമ്പാമ്പു വർഗത്തിൽപെട്ട പാമ്പുകളെ കടത്താനുള്ള ശ്രമം ശ്രദ്ധയിൽപെട്ടത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബാങ്കോക്കിൽനിന്നാണ് ഇയാൾ പാമ്പുകളെ എത്തിച്ചത്. ഇവയെ കേക്ക്, ബിസ്കറ്റ് പായ്ക്കറ്റുകളിലായി ഒളിപ്പിച്ച് കടത്താനായിരുന്നു നീക്കമെന്ന് ലഗേജ് പരിശോധനയിൽ കണ്ടെത്തി. ഒമ്പത് ബാൾ പൈത്തണും രണ്ടു കോൺ സ്നേക്കുകളുമാണ് പിടികൂടിയത്.
1962ലെ കസ്റ്റംസ്‍ ആക്ട് അനുസരിച്ചാണ് പാമ്പുകളെ പിടിച്ചെടുത്തത്. വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ (ഡബ്ല്യു.സി.സി.ബി) അധികൃതരെത്തി പരിശോധന നടത്തിയാണ് ഏതൊക്കെ ഇനം പാമ്പുകളെയാണ് കടത്താൻ ശ്രമിച്ചതെന്ന് കണ്ടെത്തിയത്.
പിടിച്ചെടുത്തവയൊന്നും നാടൻ പാമ്പുകളല്ല. ഇറക്കുമതി നയം ലംഘിച്ചാണ് ഇവയെ ബാങ്കോക്കിൽനിന്ന് കൊണ്ടുവന്നത്. അതിജീവനത്തിനുള്ള മെച്ചപ്പെട്ട സാധ്യതകൾ കണക്കിലെടുത്ത് ഇവയെ ബാങ്കോക്കിലേക്കുതന്നെ തിരിച്ചയക്കാൻ ഡബ്ല്യു.സി.സി.ബി റീജ്യനൽ ഡെപ്യൂട്ടി ഡയറക്ടർ ഉത്തരവിട്ടിട്ടുണ്ട്. ഇതിനായി പാമ്പുകളെ സ്പൈസ്ജെറ്റ് എയർലൈൻസിന് കൈമാറി.
പാമ്പുകളെ കടത്തിക്കൊണ്ടുവന്നയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണവും തിരിച്ചിലും പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.