ദൃശ്യം മോഡൽ കൊലപാതകം: പ്രധാന പ്രതി പിടിയിൽ
text_fieldsആലപ്പുഴ: ചങ്ങനാശ്ശേരിയിൽ ദൃശ്യം മോഡലിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയെ ആലപ്പുഴയിൽനിന്ന് പിടികൂടി. പൂവം എ.സി കോളനി അഖിൽ ഭവനിൽ വാടകക്ക് താമസിക്കുന്ന സൗത്ത് ആര്യാട് അവലൂകുന്ന് മറ്റത്തിൽ കോളനി മുത്തുകുമാറിനെയാണ് (53) ആലപ്പുഴ നോർത്ത് പൊലീസ് പിടികൂടിയത്. ആര്യാട് മൂന്നാം വാർഡ് കിഴക്കേവെളിയിൽ പുരുഷന്റെ മകൻ ബിന്ദുകുമാറിനെ (ബിനുമോൻ -45) കൊന്ന് ചങ്ങനാശ്ശേരി എ.സി കോളനിയിലെ വീട്ടിൽ കുഴിച്ചിട്ട സംഭവത്തിലാണ് സുഹൃത്തായ മുത്തുകുമാർ പിടിയിലായത്.
ഞായറാഴ്ച രാവിലെ കലവൂർ ഐ.ടി.സി കോളനിയിൽനിന്ന് പിടികൂടിയ പ്രതിയെ ചോദ്യംചെയ്യലിനുശേഷം ചങ്ങനാശ്ശേരി പൊലീസിന് കൈമാറി. ചോദ്യംചെയ്യലിൽ മുത്തുകുമാറിന്റെ സുഹൃത്തുക്കളായ ബിബിൻ, ബിനോയി എന്നിവർ ചേർന്ന് കൊലപ്പെടുത്തിയതെന്നാണ് മൊഴി. ബിന്ദുകുമാറിന്റെ ബൈക്ക് വാകത്താനത്തെ തോട്ടിൽ ഉപേക്ഷിക്കാനും കൊലപാതകത്തിനുശേഷം കുഴിയെടുത്ത് മൃതദേഹം മറവുചെയ്യാനും കൂട്ടുപ്രതികളായ ബിബിന്റെയും ബിനോയിയുടെയും സഹായം കിട്ടിയെന്ന് പ്രതി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. മദ്യപാനത്തെ തുടർന്നുണ്ടായ വാക്തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പറയപ്പെടുന്നു.
സെപ്റ്റംബർ 26 മുതലാണ് ബിന്ദുകുമാറിനെ വീട്ടിൽനിന്ന് കാണാതായത്. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ മുത്തുകുമാർ നോർത്ത് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. അവസാനം ഫോൺവിളിച്ചവരിലേക്ക് പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. കൊലപാതകം നടത്തിയശേഷം കോയമ്പത്തൂരിലേക്ക് കടന്ന മുത്തുകുമാർ ആലപ്പുഴയിൽ തിരിച്ചെത്തുമെന്ന് തിരിച്ചറിഞ്ഞ് പൊലീസ് നടത്തിയ നീക്കമാണ് വിജയിച്ചത്. പ്രതിയുടെ ബന്ധുക്കൾ താമസിക്കുന്ന കലവൂർ ഐ.ടി.സി കോളനി കേന്ദ്രീകരിച്ച് നിരീക്ഷണവുമുണ്ടായിരുന്നു. ഞായറാഴ്ച പുലർച്ചയാണ് മുത്തുകുമാർ കോളനിയിലെ ബന്ധുവീട്ടിൽ എത്തിയത്. ഇത് തിരിച്ചറിഞ്ഞ കോളനിക്കാർ വിവരം പൊലീസിന് കൈമാറിയതോടെയാണ് പിടിയിലായത്.
തുടക്കം മുതൽ മുത്തുകുമാറിന്റെ പ്രതികരണത്തിൽ സംശയം തോന്നിയിരുന്നു. സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടെങ്കിലും എത്തിയില്ല. തുടർന്ന് മൊബൈൽ ലൊക്കേഷൻ കണ്ടെത്തിയ നോർത്ത് പൊലീസ് വെള്ളിയാഴ്ച രാത്രിയാണ് ചങ്ങനാശ്ശേരിയിലെ വീട്ടിലെത്തിയത്. പരിശോധനയിൽ അടുക്കളയോട് ചേർന്നുള്ള ചായ്പ്പിൽ കോൺക്രീറ്റ് തറയുടെ ഭാഗങ്ങൾ പുതുതായി സിമന്റ് ഇട്ട് ഉറപ്പിച്ചത് കണ്ടു. സംശയത്തിൽ ശനിയാഴ്ച രാവിലെ തറ പൊളിച്ചപ്പോഴാണ് രണ്ടടിതാഴ്ചയിൽ മൃതദേഹം കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.