ഇരിക്കൂറിലെ 'ദൃശ്യം' മോഡൽ കൊല; ഹരിയാനയിൽ പിടിയിലായ കൂട്ടുപ്രതിയെ എത്തിച്ചു
text_fieldsഇരിക്കൂർ: ഇരിക്കൂർ ഫാറൂഖ് നഗറിൽ ഇതര സംസ്ഥാന തൊഴിലാളി ബംഗാൾ മുർഷിദാബാദ് മധുരാപൂർ സ്വദേശി ആഷിക്കുൽ ഇസ്‍ലാമി (33) നെ കൊലപ്പെടുത്തി കെട്ടിടത്തിനടിയിൽ കുഴിച്ചിട്ട സംഭവത്തിൽ ഹരിയാനയിൽ പിടിയിലായ കൂട്ടുപ്രതി മുർഷിദാബാദ് സ്വദേശി ഗണേഷ് മണ്ഡലിനെ (28) ഇരിക്കൂറിലെത്തിച്ചു.
ഇന്നു രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് വൈകീട്ട് കണ്ണൂർ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ബുധനാഴ്ചയാണ് ഇരിക്കൂർ എസ്.ഐ എം.വി. ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘം ദില്ലി-ഹരിയാന അതിർത്തിയിലെ കാജർ ജില്ലയിൽ വെച്ച് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇവിടെ ജഗോഡ ഗ്രാമത്തിൽ തേപ്പുപണിക്കാരനായി ജോലിനോക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
ഗണേഷ് മണ്ഡൽ ബംഗാളിലുണ്ടെന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ സൂചന ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ഏപ്രിലിൽ ഇരിക്കൂർ പൊലീസ് ഇവിടെ എത്തിയിരുന്നെങ്കിലും ഇയാൾ രക്ഷപ്പെടുകയായിരുന്നു. അന്വേഷണ സംഘം കേരളത്തിലേക്ക് മടങ്ങിയതോടെ ബംഗാളിലേക്ക് തിരിച്ചെത്തിയ ഇയാൾ വീടും സ്ഥലവും വിൽപന നടത്തി കുടുംബത്തോടൊപ്പം ദില്ലിയിലേക്ക് പോകുകയായിരുന്നു.
ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായതിനാൽ പിന്നീട് കൃത്യമായ വിവരമൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല. തുടർന്ന് സപ്ലൈ ഓഫിസ് മുഖേന ഇയാൾ റേഷൻ സാധനങ്ങൾ വാങ്ങുന്ന കടയിലേക്കും വൈദ്യുതി ബിൽ അടച്ചതുൾപ്പെടെയുള്ള വിവരങ്ങളും 1500 ഓളം ഫോൺ രേഖകളും പരിശോധിച്ചാണ് പൊലീസ് ഡൽഹി-ഹരിയാന അതിർത്തിയിൽ എത്തിയത്.
പ്രധാന പ്രതി പരേഷ്നാഥ് മണ്ഡലിനെ 2021 സെപ്റ്റംബർ 10 ന് മുംബൈയിൽ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ കണ്ണൂർ ജില്ല ജയിലിൽ റിമാൻഡിലാണ്. പരേഷ്നാഥ് മണ്ഡലിന്റെ ബന്ധുവാണ് ഗണേഷ് മണ്ഡൽ.
ഗണേഷ് മണ്ഡലിനെ വെള്ളിയാഴ്ച വൈകീട്ട് കോടതിയിൽ ഹാജരാക്കുകയും കണ്ണൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് രണ്ടാഴ്ചത്തേക്ക് പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയെ തിങ്കളാഴ്ച കസ്റ്റഡിയിൽ ലഭിക്കാനായി പൊലീസ് ഹരജി നൽകും. അതിനുശേഷം പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുകയും സംഭവസ്ഥലത്ത് തെളിവെടുപ്പിന് ഹാജരാക്കുമെന്നും ഇരിക്കൂർ എസ്.ഐ എൻ.വി. ഷീജു അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.