കരുനാഗപ്പള്ളിയിൽ വീണ്ടും മയക്കുമരുന്ന് വേട്ട
text_fieldsകരുനാഗപ്പള്ളി: കുണ്ടറ കേന്ദ്രീകരിച്ച് വൻതോതിൽ മയക്കുമരുന്ന് കച്ചവടം നടത്തിവരുന്ന സംഘത്തിലെ പ്രധാനിയെ ഒന്നര കിലോ കഞ്ചാവും ഹാഷിഷുമായി കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
കേരളപുരം കൊറ്റങ്കരമുണ്ടച്ചിറ മാമൂട് ഭാഗത്ത് വയലിൽ പുത്തൻവീട്ടിൽ കണ്ണപ്പൻ എന്ന ദിലീപിനെയാണ് (26) കരുനാഗപ്പള്ളിയിൽ കഞ്ചാവും ഹാഷിഷും വിൽപന നടത്താൻ എത്തുന്നതിനിടെ പിടികൂടിയത്. ഇയാളിൽനിന്ന് 1.660 കിലോഗ്രാം കഞ്ചാവും 22.58 ഗ്രാം ഹാഷിഷും പിടിച്ചെടുത്തു. കഴിഞ്ഞ നാലു മാസത്തിനിടെ കരുനാഗപ്പള്ളിയിലെയും പരിസര പ്രദേശങ്ങളിലെയും മയക്കുമരുന്ന് കച്ചവട സംഘത്തിൽപെട്ട പ്രധാനികളെ കരുനാഗപ്പള്ളി പൊലീസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു.
തുടർന്ന് കരുനാഗപ്പള്ളിയിലും മറ്റുമുള്ള ആവശ്യക്കാർ കിഴക്കൻ മേഖലകളിലും ആലപ്പുഴ, പത്തനംതിട്ട ജില്ലകളും കേന്ദ്രീകരിച്ച് ഇടപാടുകൾ നടത്തി വരുകയായിരുന്നു. കരുനാഗപ്പള്ളിയിലുള്ള ഉപഭോക്താക്കൾക്ക് എം.ഡി.എം.എ ഉൾപ്പെടെയുള്ള മയക്കുമരുന്നുകളുടെ ലഭ്യത കുറഞ്ഞതോടെ കുണ്ടറയിലും പരിസര പ്രദേശങ്ങളിലും വൻതോതിൽ ലഹരിമരുന്ന് കച്ചവടം നടത്തിവന്നിരുന്ന സംഘം കരുനാഗപ്പള്ളിയിലേക്കും പ്രവർത്തനം വ്യാപിക്കുകയായിരുന്നു. കൊല്ലം സിറ്റി പൊലീസ് കമീഷണർക്ക് രഹസ്യവിവരം ലഭിച്ചതിനെതുടർന്ന് കരുനാഗപ്പള്ളി ഇൻസ്പെക്ടർ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അലോഷ്യസ് അലക്സാണ്ടർ, ശ്രീകുമാർ, ഗ്രേഡ് എസ്. ഐ.റസൽ ജോർജ്, എ.എസ്.ഐമാരായ നിസാമുദ്ദീൻ, ഷാജിമോൻ, നന്ദകുമാർ, സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.