ലഹരിക്കേസ്: പ്രതിയുടെ മുറിയിൽ 7.31 കിലോ കഞ്ചാവ്
text_fieldsകോഴിക്കോട്: കഴിഞ്ഞദിവസം രാമനാട്ടുകര മേൽപാലത്തിന് താഴെ നിന്ന് കഞ്ചാവുമായി പിടിയിലായ പ്രതിയുടെ താമസസ്ഥലത്തുനിന്ന് കഞ്ചാവ് കണ്ടെടുത്തു. രണ്ടുകിലോ കഞ്ചാവുമായി പിടിയിലായ കാസർകോട് സ്വദേശി ബദിയടുക്ക കോബ്രാജ ഹൗസിൽ ശ്രീജിത്ത് (30) താമസിച്ചിരുന്ന കുറ്റിക്കാട്ടൂരിലെ വാടക കെട്ടിടത്തിലെ മുറിയിൽനിന്നാണ് 7.315 കി.ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. സിറ്റി നാർക്കോടിക്ക് സെൽ അസി. കമീഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും എസ്.ഐ ആർ.എസ്. വിനയന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയിരുന്നത്. ചോദ്യം ചെയ്യലിനിടെ താമസസ്ഥലത്ത് കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ട് എന്ന് ഇയാൾ പൊലീസിനോട് പറയുകയായിരുന്നു. തുടർന്ന് പ്രതിയെ അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർ ടി.എസ്. ശ്രീജിത്ത് നേതൃത്വത്തിൽ ഫറോക്ക് പൊലീസും ഡാൻസാഫ് ടീമും കുറ്റിക്കാട്ടൂരിലെത്തിച്ച് മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് വീണ്ടും പിടിച്ചത്.
കാസർകോട്ടുനിന്ന് വലിയ തോതിൽ കഞ്ചാവെത്തിച്ച് ജില്ലയിലെ പല ഭാഗങ്ങളിലും വാടകക്ക് റൂമെടുത്ത് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നതാണ് ഇയാളുടെ രീതി. അന്തർ സംസ്ഥാന തൊഴിലാളികൾ ഏറെയുള്ളതിനാലാണ് കുറ്റിക്കാട്ടൂരിൽ മുറിയെടുത്തത്. പ്രതി വിൽപനക്കെത്തിച്ച 9.315 കി.ഗ്രാം കഞ്ചാവാണ് ഇതിനകം പൊലീസ് കണ്ടെടുത്തത്. പിടികൂടിയ കഞ്ചാവിന് വിപണിയിൽ മൂന്നരലക്ഷം രൂപ വിലവരുമെന്ന് പൊലീസ് അറിയിച്ചു. ഡാൻസാഫ് എസ്.ഐ മനോജ് എടയേടത്ത്, അനീഷ് മുസേൻവീട്, കെ. അഖിലേഷ്, സുനോജ് കാരയിൽ, എം. ഷിനോജ്, എൻ.കെ. ശ്രീശാന്ത്, അനൂജ്, സനീഷ്, ഫറോക്ക് സ്റ്റേഷനിലെ പ്രജിത്ത്, ശാന്തനു, സുമേഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
ഹോട്ടൽ തൊഴിലാളിയായി എത്തി, ലഹരിസംഘത്തിലെ മുഖ്യകണ്ണിയായി
കോഴിക്കോട്: രണ്ടിടങ്ങളിൽനിന്നായി ഒമ്പതു കിലോയിലേറെ കഞ്ചാവുമായി പിടിയിലായ ശ്രീജിത്ത് 12 വർഷം മുമ്പ് കാസർകോട്ടുനിന്ന് കോഴിക്കോട്ടെത്തിയത് ഹോട്ടൽ ജോലിക്ക്. പിന്നീട് പാളയം ഭാഗത്തുനിന്ന് കഞ്ചാവ് ചെറിയ പൊതികളാക്കി വിൽപന നടത്തി ലഹരി വ്യാപാരത്തിലേക്ക് കടന്നു. അന്നത്തെ ‘പയ്യൻ’ ഇന്ന് കിലോകണക്കിന് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യകണ്ണിയാണ്. കാറ്ററിങ് നടത്തിപ്പുകാരനാണെന്നു പറഞ്ഞാണ് ജില്ലയിലെ പല ഭാഗങ്ങളിലും റൂമെടുക്കുന്നത്. തുടർന്ന് കഞ്ചാവ് അവിടെ സ്റ്റോക്ക് ചെയ്ത് വിതരണം ചെയ്യുകയാണ് രീതി. ആർഭാടജീവിതം നയിക്കാൻ പണം കണ്ടെത്താനാണ് ലഹരിക്കച്ചവടം തുടങ്ങിയത്.
ലഹരിക്കെതിരെ കോഴിക്കോട് സിറ്റിയിലെ ലോഡ്ജുകളിലും മാളുകളിലും മാസവാടകക്ക് കൊടുക്കുന്ന റൂമുകളിലും അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് നാർക്കോടിക്ക് സെൽ അസി. കമീഷണർ കെ.എ. ബോസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.