ജില്ലയിൽ ലഹരിക്കേസുകൾ വർധിക്കുന്നു: മൂന്നുമാസത്തിനിടെ 401 അബ്കാരി കേസുകളും 53 കഞ്ചാവ് കേസുകളും
text_fieldsപത്തനംതിട്ട: ലഹരിക്കേസുകൾ ജില്ലയിൽ വർധിക്കുന്നു. മിക്ക ദിവസവും കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. ഒരു കിലോയിൽ കൂടുതൽ കഞ്ചാവ് കൈവശംവെച്ചാൽ മാത്രമേ ജാമ്യമില്ലാ വകുപ്പിന് കേസെടുക്കാൻ കഴിയൂ. പ്രതികൾ ഒരുകിലോയിൽ താഴെയായി പലരുടെയും കൈയിൽ ഏൽപിച്ചാണ് ഇപ്പോൾ വിൽപന നടത്തുന്നത്. പിടികൂടിയാലും ജാമ്യംനൽകി ഇവരെ വിട്ടയക്കേണ്ടിവരും. ഇന്നലെയും ജില്ല പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ വലഞ്ചുഴി സ്വദേശികളായ രണ്ടുപേരെ കഞ്ചാവുമായി അറസ്റ്റ് ചെയ്തിരുന്നു.
കഞ്ചാവ് കേസിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രതികളിലധികവും ചെറുപ്രായക്കാരാണ്. പണം ഉണ്ടാക്കാനുള്ള മാർഗമെന്ന നിലയിൽ കഞ്ചാവും മറ്റ് ലഹരിയും വിൽപന നടത്തുന്ന കോളജ് വിദ്യാർഥികളടക്കം ജില്ലയിലുണ്ട്. മൂന്നുമാസം കൊണ്ട് 401 അബ്കാരി കേസുകളും 53 കഞ്ചാവ് കേസുകളുമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. അബ്കാരി കേസിൽ 358 പേരെയും കഞ്ചാവ് കേസിൽ 43 പേരെയും ജനുവരി മുതൽ മാർച്ച് വരെയുള്ള റിപ്പോർട്ടിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടികൾ വിലവരുന്ന എം.ഡി.എം.എ കേസുകളും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം മദ്യംനൽകി പീഡിപ്പിച്ച കേസും ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നു.വിഷു, ഈസ്റ്റർ എന്നിവയുമായി ബന്ധപ്പെട്ട് എക്സൈസും പൊലീസും സ്ക്വാഡ് പ്രവർത്തിക്കുന്നുണ്ട് ജില്ലയിൽ. ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നിരവധി ലഹരികൾ ജില്ലയിലേക്ക് ഒഴുകുന്നുണ്ടെന്ന് അധികൃതർ പറയുന്നു.
ജനുവരി മുതൽ മാർച്ച് വരെയുള്ള കേസുകൾ
അബ്കാരി കേസ് 401 , കഞ്ചാവ് കേസ് 53 , അബ്കാരി അറസ്റ്റ് 358, കഞ്ചാവ് അറസ്റ്റ് 43, കോഡ്പ കേസ് 3361, കോഡ്പ പിഴ ചുമത്തിയത് 4,67,400 രൂപ, എം.ഡി.എം.എ നാല് ഗ്രാം, തൊണ്ടിയായി ലഭിച്ച രൂപ 11,580, വാഹനം പിടിച്ചെടുത്തത് ആറ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.