ലഹരി മരുന്ന് ഇടപാട്; 208 സമൂഹ മാധ്യമ അക്കൗണ്ടുകൾ റദ്ദാക്കി
text_fieldsദുബൈ: ലഹരി മരുന്ന് ഇടപാട് സംശയിക്കപ്പെട്ടതിനെ തുടർന്ന് 200ഓളം സമൂഹ മാധ്യമ അക്കൗണ്ടുകൾ ദുബൈ പൊലീസ് റദ്ദാക്കി. ലഹരി മരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ സംശയിക്കപ്പെട്ട കേസുകളിൽ 47 ശതമാനവും അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. 2023ന്റെ ആദ്യപാദത്തിലെ കണക്കാണിത്. ഈ കാലയളവിൽ 238 കിലോ ലഹരിമരുന്നും 60 ലക്ഷം ലഹരി ഗുളികകളും പിടിച്ചെടുത്തു.
ദുബൈ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ പൊലീസ് മേധാവി ലഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയാണ് ഈ കണക്കുകൾ അവതരിപ്പിച്ചത്. ലഹരി മരുന്നിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് സംശയിക്കപ്പെട്ടതിനെ തുടർന്നാണ് 208 സമൂഹ മാധ്യമ അക്കൗണ്ടുകൾ വിലക്കിയത്. യു.എ.ഇയിൽ ആകെ കണ്ടെത്തിയ ലഹരി മരുന്നിന്റെ 36 ശതമാനവും ദുബൈ പൊലീസാണ് പിടികൂടിയത്.
കൊക്കെയ്ൻ, ഹെറോയിൻ, ക്രിസ്റ്റൽ മിത്ത്, കറുപ്പ്, കഞ്ചാവ്, ഹാഷിഷ് തുടങ്ങിയവ പിടിച്ചെടുത്തതിൽപെടുന്നു. ഇതിനുപുറമെ രാജ്യാന്തര തലത്തിൽ നടന്ന ലഹരിമരുന്ന് വേട്ടക്കും ദുബൈ പൊലീസ് പിന്തുണ നൽകി. ദുബൈ പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിവിധ രാജ്യങ്ങളിൽനിന്ന് 65 പേരെ ഈ വർഷം ആദ്യപാദത്തിൽ പിടികൂടി. ഇതുവഴി കൊക്കെയ്ൻ, കഞ്ചാവ്, ഹെറോയിൻ ഉൾപ്പെടെ 842 കിലോ ലഹരിമരുന്ന് പിടിച്ചു. സേനയുടെ ബോധവത്കരണ പരിപാടി വിവിധ രാജ്യങ്ങളിലെ 24,204 പേർക്ക് ഉപകാരപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.