ഓൺലൈൻ ഭക്ഷണ വിതരണത്തിന്‍റെ മറവിൽ മയക്കുമരുന്ന് ഇടപാട്; യുവാവ് പിടിയിൽ
text_fieldsകൊച്ചി: ഓൺലൈൻ ഭക്ഷണ വിതരണത്തിന്‍റെ മറവിൽ മയക്കുമരുന്ന് കച്ചവടം നടത്തിയ യുവാവ് എം.ഡി.എം.എയുമായി പിടിയിൽ. കോട്ടയം കാഞ്ഞിരപ്പള്ളി തുമ്പമട സ്വദേശി ആറ്റിൻപുറം വീട്ടിൽ നിതിൻ രവീന്ദ്രനെയാണ് (26) എറണാകുളം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എം.എസ്. ഹനീഫയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഇയാളുടെ പക്കൽനിന്ന് ഒരു ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ബൈക്കും കസ്റ്റഡിയിൽ എടുത്തു. ഓൺലൈനായി ഭക്ഷണം എത്തിക്കുന്നതിന്‍റെ മറവിലാണ് ലഹരിവസ്തുക്കൾ വിതരണം ചെയ്തിരുന്നത്.
ഭക്ഷണം എത്തിക്കാൻ നൽകിയ ലൊക്കേഷൻ കൃത്യമല്ലെന്നും അതുകൊണ്ട് തന്റെ വാട്ട്സ്ആപ് നമ്പറിലേക്ക് അത് കൃത്യമായി അയക്കണമെന്നും പറഞ്ഞ് ഇടപാടുകാരുടെ നമ്പർ കൈക്കലാക്കുന്നതാണ് ഇയാളുടെ രീതി. അതിനുശേഷം അവരുമായി സൗഹൃദം സ്ഥാപിച്ച ശേഷം സമപ്രായക്കാരായ ഇടപാടുകാരെ മയക്കുമരുന്നിന് അടിമകൾ ആക്കുകയായിരുന്നു.
ഇത്തരത്തിൽ കെണിയിൽ അകപ്പെട്ട ഒരു വിദ്യാർഥിനിയുടെ സുഹൃത്ത് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നിരീക്ഷിച്ചുവരുകയായിരുന്നു. കലൂർ സ്‌റ്റേഡിയം റൗണ്ട് റോഡിൽ മയക്കുമരുന്ന് കൈമാറാൻ വന്നപ്പോൾ എക്സൈസ് സംഘം മൽപിടിത്തത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.