ലഹരി വേട്ട: പിടികൂടിയത് 65 ലക്ഷം രൂപയുടെ കഞ്ചാവ്
text_fieldsനിലമ്പൂർ: വഴിക്കടവ് ആനമറി എക്സൈസ് ചെക്ക്പോസ്റ്റിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റും ചെക്ക്പോസ്റ്റ് അധികൃതരും പിടികൂടിയത് 65 ലക്ഷത്തോളം രൂപയുടെ കഞ്ചാവ്. സ്വാതന്ത്ര്യദിനം, ഓണം എന്നിവ ലക്ഷ്യംവെച്ച് ആന്ധ്രയിൽനിന്ന് കാറിൽ കടത്തിയ 132.3 കിലോ കഞ്ചാവ് വ്യാഴാഴ്ച രാത്രി പത്തോടെയാണ് പിടികൂടിയത്.
സംഭവത്തിൽ പിടിയിലായ കൊണ്ടോട്ടി തവനൂർ കൈതമൂല അബ്ദുൽ സമദ് (23), അരീക്കോട് കുഴിമണ്ണ മഠത്തിങ്കൽ ഷെഫീഖ് (23), കോഴിക്കോട് പേരാമ്പ്ര പന്തീരാങ്കാവ് കുഴിപ്പള്ളി അമൽ (24), പത്തനംതിട്ട അടൂർ സ്വദേശി തിരൂർ കൽപകഞ്ചേരിയിൽ താമസിക്കുന്ന പ്ലാവില വടക്കേതിൽ ഷഹദ് (22), കൊണ്ടോട്ടി കിഴിശ്ശേരി കണ്ണാടിപറമ്പിൽ നവാസ് ഷെരീഫ് (22) എന്നിവരെ മഞ്ചേരി കോടതി റിമാൻഡ് ചെയ്തു. പ്രതികൾ ജില്ല കേന്ദ്രീകരിച്ചുള്ള ഏജൻസികൾക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന കണ്ണികളാണെന്ന് എക്സൈസ് സംഘം പറഞ്ഞു.
മഞ്ചേരിയിലേക്കാണ് കഞ്ചാവ് കൊണ്ടുവന്നിരുന്നത്. അഞ്ചുപേരും പണം പങ്കിട്ടെടുത്താണ് കഞ്ചാവ് വാങ്ങിയത്. രണ്ട് കാറുകളിലാണ് സംഘം സഞ്ചരിച്ചിരുന്നത്.ഒരു കാർ കഞ്ചാവ് കെട്ടുകൾ സൂക്ഷിക്കാനും ഒരു കാർ പൈലറ്റ് വാഹനവുമായാണ് ഉപയോഗിച്ചിരുന്നത്. കാറുകൾ മഞ്ചേരിയിൽനിന്ന് വാടകക്കെടുത്തതാണെന്നാണ് പ്രതികൾ നൽകിയ മൊഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.