വിദ്യാർഥികൾക്ക് ലഹരിമരുന്ന് വിൽപന: മെഡിക്കൽ ഷോപ്പുകൾ നിരീക്ഷണത്തിൽ
text_fieldsതിരുവനന്തപുരം: വിദ്യാർഥികൾക്ക് ലഹരിമരുന്ന് വിൽപന നടത്തുന്നെന്ന ആക്ഷേപത്തെ തുടർന്ന് സംസ്ഥാനത്തെ മെഡിക്കൽ സ്റ്റോറുകൾ നിരീക്ഷണത്തിൽ. നൂറോളം മെഡിക്കൽ ഷോപ്പുകൾക്കെതിരെ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം നടപടി സ്വീകരിച്ചു. വരും ദിവസങ്ങളിലും ഇത്തരം പരിശോധനകളും നടപടികളും കർക്കശമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വിദ്യാർഥികളെയും സ്ത്രീകളെയും ലക്ഷ്യമിട്ട് സംസ്ഥാനത്തേക്ക് വലിയ തോതിൽ മയക്കുമരുന്ന് എത്തുന്നുണ്ടെന്നും ഇടനിലക്കാരായി വിദ്യാർഥികളെ ഉപയോഗിക്കുന്നുണ്ടെന്നുമാണ് വിലയിരുത്തൽ. അടുത്തിടെ പിടിയിലായത് മെഡിക്കൽ വിദ്യാർഥികളാണെന്നത് ഈ കണ്ടെത്തലിനെ സാധൂകരിക്കുന്നു.
ന്യൂജെൻ മയക്കുമരുന്നിന് വില കൂടുതലായതിനാൽ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് വേദനസംഹാരികൾ ഉൾപ്പെടെയുള്ള മരുന്നുകൾ വാങ്ങി ഉപയോഗിക്കുന്നതായി കണ്ടെത്തി. ആ സാഹചര്യത്തിലാണ് മെഡിക്കൽ സ്റ്റോറുകൾ കേന്ദ്രീകരിച്ച് ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധന ആരംഭിച്ചത്. ഡോക്ടർമാരുടെ കുറിപ്പടിയുണ്ടെങ്കിൽ മാത്രമേ ഇത്തരത്തിലുള്ള മരുന്നുകൾ നൽകാവൂയെന്ന് വ്യവസ്ഥയുണ്ടെങ്കിലും പല മെഡിക്കൽ സ്റ്റോറുകളും ഇത് പാലിക്കുന്നില്ല. മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ണിൽ നോക്കിയാൽ മനസ്സിലാകുമെന്നും ഇത് തിരിച്ചറിയാതിരിക്കാൻ കണ്ണിലൊഴിക്കുന്ന മരുന്നുകളും വാങ്ങുന്നതായും കണ്ടെത്തിയിട്ടുണ്ട്.
അർബുദം പോലുള്ള രോഗങ്ങൾക്ക് ഉപയോഗിക്കുന്ന വേദനസംഹാരികൾ മയക്കുമരുന്ന് എന്ന നിലയിൽ ഉപയോഗിക്കുന്ന രീതിയും തുടരുകയാണ്. ആ സാഹചര്യത്തിൽ ഇത്തരം മരുന്നുകൾ വിൽക്കുന്നതിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്ന നിർദേശവും അധികൃതർ മെഡിക്കൽ സ്റ്റോറുകൾക്ക് നൽകുന്നുണ്ട്. സ്കൂളുകൾ, കോളജുകൾ എന്നിവക്ക് സമീപമുള്ള മെഡിക്കൽ സ്റ്റോറുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രധാനമായും പുരോഗമിക്കുന്നത്.
എം.ഡി.എം.എ (മെഥിലീന്‍ ഡൈ ഓക്സി മെത്താഫിറ്റമൈന്‍) ഉപയോഗവും കുട്ടികളിൽ വർധിക്കുന്നെന്നാണ് എക്സൈസിന്‍റെ വിലയിരുത്തൽ. രാത്രി വെളുക്കുവോളം ഉറങ്ങാതെ ലഹരിപ്പാര്‍ട്ടിയില്‍ നിറഞ്ഞുനില്‍ക്കാന്‍ യുവാക്കള്‍ ഇത് കൂടുതലായി ഉപയോഗിക്കുന്നെന്നാണ് വിലയിരുത്തൽ. എല്ലാ ദിവസവും ഒരു കേസെങ്കിലും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.