കേരളത്തിലേക്ക് ലഹരി കടത്ത്; പ്രധാനി പിടിയിൽ
text_fieldsപുൽപള്ളി: കേരളത്തിലേക്ക് ലഹരി കടത്തുന്നവരിലെ മുഖ്യ കണ്ണിയെ സാഹസികമായി വയനാട് പൊലീസ് പിടികൂടി. കേരള-കര്‍ണാടക അതിര്‍ത്തി ഗ്രാമമായ ബൈരക്കുപ്പ ആനമാളം തണ്ടന്‍കണ്ടി വീട്ടില്‍ രാജേഷ്(28)നെയാണ് പുൽപള്ളി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ബിജു ആന്റണിയും സംഘവും കര്‍ണാടകയിലെ മച്ചൂരില്‍ നിന്ന് പിടികൂടിയത്. കേരളത്തിലേക്കുള്ള ലഹരികടത്തില്‍ പ്രധാനിയാണിയാള്‍. ജില്ല പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും പുല്‍പ്പള്ളി പോലീസും ചേര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുമ്പോള്‍ ഒരു കൂട്ടം ആളുകള്‍ തടയാന്‍ ശ്രമിച്ചു. ഏറെ പണിപ്പെട്ടാണ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്.
മേയ് 23ന് സ്കൂട്ടറില്‍ കടത്തുകയായിരുന്ന 2.140 കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കള്‍ പെരിക്കല്ലൂരില്‍ വെച്ച് പിടിയിലായ കേസിന്റെ തുടരന്വേഷണത്തിലാണ് ഇവര്‍ക്ക് കഞ്ചാവ് നല്കിയ രാജേഷിനെക്കുറിച്ച് വിവരം ലഭിച്ചത്. ശാസ്ത്രീയവും കൃത്യവുമായ അന്വേഷണത്തിലാണ് പൊലീസ് രാജേഷിലേക്കെത്തുന്നത്. മലപ്പുറം സ്വദേശികളായ അരീക്കോട് കാവുംപുറത്ത് വീട്ടില്‍ ഷൈന്‍ എബ്രഹാം(31), എടക്കാപറമ്പില്‍ പുളിക്കാപറമ്പില്‍ വീട്ടില്‍ അജീഷ്(44) എന്നിവരാണ് 23ന് പിടിയിലാകുന്നത്.
ഈ മാസം 20ന് ശനിയാഴ്ച മലപ്പുറം, അരിക്കോട്, എടക്കാട്ടുപറമ്പ്, മുളക്കാത്തൊടിയില്‍ വീട്ടില്‍ സുബൈറിനെ (47) പിടികൂടിയിരുന്നു. ഇയാള്‍ക്ക് വേണ്ടിയാണ് യുവാക്കള്‍ കഞ്ചാവ് വാങ്ങിയത്. കഞ്ചാവ് സുബൈറിന് എത്തിച്ചു കൊടുക്കാന്‍ ശ്രമിക്കുമ്പോഴാണ് പെരിക്കല്ലൂരില്‍ വെച്ച് യുവാക്കള്‍ പിടിയിലായത്. പെരിക്കല്ലൂര്‍ കടവ് ഭാഗത്ത് നിന്നും സ്കൂട്ടറില്‍ വരുകയായിരുന്ന ഇവരെ പരിശോധനയുടെ ഭാഗമായി പൊലീസ് കൈ കാണിച്ച് നിര്‍ത്തി. സ്കൂട്ടര്‍ നിര്‍ത്തിയയുടനെ പിറകിലിരുന്ന അജീഷ് ഇറങ്ങിയോടി. സംശയം തോന്നി പൊലീസ് നടത്തിയ പരിശോധനയില്‍ സ്കൂട്ടറിന്റെ ഡിക്കിയില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. അജീഷ് ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് പിടികൂടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.