കഞ്ചാവ് പുകയിൽ മുങ്ങി ജില്ലയിലെ ലഹരി കച്ചവടം
text_fieldsആലപ്പുഴ: ജില്ലയിൽ മയക്കുമരുന്ന് കേസുകളുടെ എണ്ണം ഗണ്യമായി ഉയരുന്നു. കഴിഞ്ഞ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 68 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഈ വർഷം ജനുവരിയിൽ 79, ഫെബ്രുവരിയിൽ 89 കേസുകൾ രജിസ്റ്റർ ചെയ്തു. രണ്ട് മാസങ്ങളിലുമായി ഈ വർഷം 100 കേസുകളുടെ വർധനയാണ് ഉണ്ടായത്. രാസലഹരി ജില്ലയിൽ അത്ര പ്രചാരത്തിലായിട്ടില്ലെന്നും കഞ്ചാവാണ് ജില്ലയിൽ ഏറ്റവുമധികം പടികൂടുന്നതെന്നും എക്സൈസ് അധികൃതർ പറയുന്നു. കഴിഞ്ഞ വർഷം 157.668 കിലോ കഞ്ചാവാണ് ജില്ലയിൽ പിടികൂടിയത്. ഈ വർഷം കഴിഞ്ഞ രണ്ട് മാസങ്ങളിലായി 18.749 കിലോ പിടികൂടി. കഞ്ചാവ് ചെടികളും കണ്ടെത്തുന്നുണ്ട്. കഴിഞ്ഞവർഷം 33 ചെടികൾ നട്ടുവളർത്തിയത് കണ്ടെത്തി. കഴിഞ്ഞവർഷം മൊത്തം 9.885 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. 56.1784 ഗ്രാം മെത്താഫിറ്റാമിനും പടികൂടി.
മയക്കുമരുന്നു കേസുകളിൽ എക്സൈസും പൊലീസും കൂടുതൽ ജാഗ്രത പുലർത്തുന്നതിനാലാണ് ഈയിനത്തിൽ കേസുകളുടെ എണ്ണം പെരുകുന്നത്. ചെറുപ്പക്കാർ കൂടുതലും എം.ഡി.എം.എ ഉപഭോഗത്തിലേക്ക് തിരിയുന്നതാണ് സംസ്ഥാനത്തെ ട്രെൻഡ്. അതനുസരിച്ച് ജില്ലയിൽ എം.ഡി.എം.എ കേസുകൾ കൂടിയിട്ടില്ല. കൊച്ചിയുമായി താരതമ്യം ചെയ്യുമ്പോൾ ജില്ലയിൽ രാസലഹരി കേസുകൾ വളരെ കുറവാണ്. അവയുടെ വർധിച്ച വിലയാണ് ജില്ലയിൽ അതിന്റെ ഉപഭോഗം കുറയാൻ കാരണമാകുന്നത്.
കഴിഞ്ഞവർഷം 629 മയക്കുമരുന്ന് കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്. 554 പേർ അറസ്റ്റിലായിരുന്നു. വനിതകൾ ആരും ഇത്തരം കേസുകളിൽ ഉൾപ്പെട്ടിട്ടില്ല. ഈ വർഷം ഇതുവരെ 168 പേർ അറസ്റ്റിലായിട്ടുണ്ടെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വിനോദ്കുമാർ മാധ്യമത്തോട് പറഞ്ഞു.
എം.ഡി.എം.എ രാജ്യത്തെ ലാബുകളിലും
ഉൽപാദിപ്പിക്കുന്നു
മെത്തലീൻ ഡൈയോക്സി മെത്താഫിറ്റാമിൻ എന്ന എം.ഡി.എം.എ രാജ്യത്തിനകത്തും ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. അഫ്ഗാനിസ്ഥാനിൽ നിർമിച്ച് ഇറാനിലെ തുറമുഖത്തെത്തിച്ച് അവിടെ നിന്ന് ഇന്ത്യയുടെ ഉൾകടലിൽ എത്തിച്ച് വള്ളങ്ങളിലും ബോട്ടുകളിലുമായി രാജ്യത്ത് എത്തിക്കുന്നതാണ് കൂടുതലുമെന്നാണ് എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥരുടെ നിഗമനം. രാജ്യത്ത് പലയിടത്തുമുള്ള ലാബുകളിലും നിർമിക്കുന്നുണ്ട്. വിദേശികളാണ് ഇതിന് പരിശീലനം നൽകുന്നത്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ഡൽഹി, പഞ്ചാബ് തുടങ്ങിയ സ്ഥലങ്ങളിൽ പഠനത്തിനെത്തുന്ന വിദ്യാർഥികൾ ലാബുകളിൽ എം.ഡി.എം.എ നിർമിച്ച് വിപണനം നടത്തുന്നതായും പറയുന്നു. ഡാർക്ക് വെബ് മുഖേനയും ടെലിഗ്രാം, വാട്സാപ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെയും രാസലഹരിവസ്തുക്കളുടെ വിൽപന നടക്കുന്നുണ്ട്. വെബ് സൈറ്റുകളിൽ കയറി പണമടച്ച് ബുക്ക് ചെയ്യുന്നവർക്ക് യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് തപാൽ വഴി ലഭിക്കുന്നതായും വിവരമുണ്ട്.
മയക്കുമരുന്ന് കേസുകൾ മൂന്നുതരം
സ്മാൾ, ഇന്റർമീഡിയറ്റ്, കൊമേഴ്സ്യൽ ക്വാണ്ടിറ്റി എന്നിങ്ങനെ മൂന്നായി തിരിച്ചാണ് മയക്കുമരുന്ന് കേസുകളിലെ നടപടി. സ്മാൾ അളവിൽ പെടുന്നവ പിടികുടിയാൽ സ്റ്റേഷൻ ജാമ്യത്തിൽ വിടാം, ഇന്റർമീഡിയറ്റ് ആയാൽ 60 ദിവസംവരെ ജാമ്യമില്ലാവകുപ്പ് ചുമത്തി ജയിലിലടക്കാം. അതിനു മുകളിലായാൽ 20 വർഷംവരെ ശിക്ഷലഭിക്കുന്ന കുറ്റമാണ്. കഞ്ചാവ് ഒരുകിലോ വരെ സ്മാൾ ക്വാണ്ടിറ്റിയിലാണ് പെടുന്നത്. ഒന്നിനു മുകളിൽ 20 കിലോവരെ ഇന്റർമിഡിയറ്റിലും അതിനു മുകുളിലായാൽ കൊമേഴ്സ്യൽ ഗണത്തിലുമാണ് പെടുന്നത്.
എം.ഡി.എം.എ അഞ്ച് മില്ലിഗ്രാം വരെ സ്മാൾ ക്വാണ്ടിറ്റിയിലാണ് പെടുന്നത്. ആറ് മില്ലിഗ്രാം മുതൽ 10 ഗ്രാംവരെ ഇന്റർമീഡിയറ്റിലും 10 ഗ്രാമിനു മുകളിൽ കമേഴ്സ്യൽ ഗണത്തിലുമാണ് പെടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.