മയക്കുമരുന്ന്: 1997 കുറ്റവാളികളുടെ ഡാറ്റ ബാങ്ക് തയാറാക്കി
text_fieldsതിരുവനന്തപുരം: വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗവും കടത്തും തടയുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പ് 1997 നർകോട്ടിക് കുറ്റവാളികളുടെ ഡാറ്റ ബാങ്ക് തയാറാക്കി നിരീക്ഷണം ശക്തമാക്കി. അതിർത്തി ചെക്പോസ്റ്റുകളിലും ചെക്പോസ്റ്റില്ലാത്ത ഇടറോഡുകളിലും വാഹന പരിശോധന ശക്തമാക്കി. സെപ്റ്റംബർ 16 മുതൽ 22 വരെയുള്ള ഏഴ് ദിവസങ്ങളിലായി 242 നർകോട്ടിക് കേസുകൾ രജിസ്റ്റർ ചെയ്തു. 248 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
60.81 കിലോ ഗ്രാം കഞ്ചാവ്, 593 ഗ്രാം എം.ഡി.എം.എ, 613 ഗ്രാം മെത്താംഫിറ്റമിൻ എന്നിവ പിടിച്ചെടുത്തു. മയക്കുമരുന്ന് കേസുകളിലെ നാല് സ്ഥിരം കുറ്റവാളികൾ ഉൾപ്പെടെ വാറണ്ടിലെ 84 പ്രതികളെ അറസ്റ്റ് ചെയ്ത് കോടതികളിൽ ഹാജരാക്കി.
മയക്കുമരുന്നിനെതിരെ ബഹുമുഖ തന്ത്രങ്ങൾ ആവിഷ്കരിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം എക്സൈസ് വകുപ്പ് ഒക്ടോബർ അഞ്ച് വരെയാണ് പ്രത്യേക ഡ്രൈവ് നടത്തുന്നത്. ഇതിന്റെ ഭാഗമായി എല്ലാ ഓഫിസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിക്കുകയും മുഴുവൻ സമയ ഹൈവേ പട്രോളിങ് ടീമിനെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.