ഡൽഹി കേന്ദ്രീകരിച്ച് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്ത്; നൈജീരിയൻ യുവാവ് പിടിയിൽ
text_fieldsതൃശൂർ: എം.ഡി.എം.എ ഉൾപ്പെടെയുള്ള അതിമാരക സിന്തറ്റിക് മയക്കുമരുന്നുകൾ വിതരണം ചെയ്യുന്ന നൈജീരിയൻ സ്വദേശി തൃശൂർ സിറ്റി പൊലീസ് ലഹരിവിരുദ്ധ വിഭാഗത്തിന്റെ പിടിയിൽ. മയക്കുമരുന്ന് ചില്ലറവിൽപനക്കാർക്കിടയിൽ കെൻ (കെ.ഇ.എൻ) എന്ന വിളിപ്പേരുള്ള നൈജീരിയൻ പൗരൻ എബൂക്ക വിക്ടർ അനയോ (27) എന്നയാളെയാണ് ന്യൂഡൽഹിയിലെ നൈജീരിയൻ കോളനിയിൽനിന്ന് തൃശൂർ സിറ്റി പൊലീസ് പിടികൂടിയത്.
കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വ്യാപകമായി മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ. കർണാടക, തമിഴ്നാട്, കേരളം സംസ്ഥാനങ്ങളിലെ യുവാക്കൾക്കിടയിലാണ് ഇയാളുടെ ശൃംഖല പ്രവർത്തിച്ചിരുന്നത്.
ഈ വർഷം േമയിൽ മണ്ണുത്തിയിൽ പൊലീസിന്റെ വാഹന പരിശോധനക്കിെട എം.ഡി.എം.എയുമായി പിടിയിലായ ചാവക്കാട് സ്വദേശി ബുർഹാനുദ്ദീനെ ചോദ്യം ചെയ്തതിൽനിന്നാണ് ഇവർക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സുഡാൻ സ്വദേശി മുഹമ്മദ് ബാബിക്കർ അലി, ഫലസ്തീൻ സ്വദേശി ഹസൻ എന്നിവരെക്കുറിച്ച വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും ബംഗളൂരുവിൽനിന്ന് മയക്കുമരുന്നുമായി പിടികൂടിയിരുന്നു.
സുഡാൻ സ്വദേശി മുഹമ്മദ് ബാബിക്കർ അലിയെ ചോദ്യം ചെയ്തതിൽനിന്നാണ് നൈജീരിയൻ പൗരനെക്കുറിച്ച വിവരം ലഭിച്ചത്. വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപകമായി എം.ഡി.എം.എ കടത്തുന്നതിനുപിന്നിൽ ഇയാളുണ്ടെന്നും വ്യക്തമായി.
കെൻ എന്ന വിളിപ്പേരുമാത്രമാണ് അന്വേഷണസംഘത്തിന് ലഭിച്ച ഏക വിവരം. ഡൽഹിയിലെത്തി വേഷം മാറിയും വിവിധ പേരുകൾ സ്വീകരിച്ചും രഹസ്യാന്വേഷണം നടത്തിയുമാണ് ഇയാളെക്കുറിച്ച മറ്റുവിവരങ്ങൾ ശേഖരിച്ചത്. ഡൽഹി പൊലീസിന്റെ സഹായത്തോടെ നടത്തിയ മിന്നൽ പരിശോധനയിലാണ് ന്യൂഡൽഹി നൈജീരിയൻ കോളനിയിൽനിന്ന് ഇയാളെ അറസ്റ്റുചെയ്തത്.
അറസ്റ്റിലായ പ്രതിയെ ന്യൂഡൽഹി സാകേത് കോടതിയിൽ ഹാജരാക്കി. തുടർന്ന് രണ്ടുദിവസം തിഹാർ ജയിലിൽ പാർപ്പിച്ചു. ഇതിനുശേഷമാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് അനുമതി ലഭിച്ചത്. പാസ്പോർട്ട്, വിസ തുടങ്ങിയ യാത്ര രേഖകളൊന്നും കെനിന്റെ കൈവശമുണ്ടായിരുന്നില്ല.
ഇയാൾ നൈജീരിയയിൽനിന്ന് എങ്ങനെ ഇന്ത്യയിലെത്തി എന്ന വിവരം എവിടെയും രേഖപ്പെടുത്തിയിട്ടുമില്ല. മണ്ണുത്തി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എൻ. പ്രദീപ്, ജില്ല പൊലീസ് ലഹരിവിരുദ്ധ വിഭാഗം സബ് ഇൻസ്പെക്ടർമാരായ എൻ.ജി. സുവ്രതകുമാർ, പി. രാഗേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ടി.വി. ജീവൻ, സിവിൽ പൊലീസ് ഓഫിസർ കെ.വി. വിപിൻദാസ് എന്നിവരുടെ നേതൃത്വത്തിെല സംഘമാണ് ഇയാളെ പിടികൂടിയത്.
മൊത്തക്കച്ചവടക്കാരെ പിടികൂടുന്നതും ഉറവിടത്തിലേക്കെത്തുന്നതും അപൂർവം
മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും ചില്ലറ വിൽപനക്കാരെയും മുമ്പ് പൊലീസ് പിടികൂടിയിട്ടുണ്ടെങ്കിലും മയക്കുമരുന്ന് കള്ളക്കടത്ത് ചെയ്യുന്നവരെയും മൊത്തക്കച്ചവടം നടത്തുന്നവരെയും പിടികൂടുന്നത് അപൂർവമാണ്. അതിമാരക മയക്കുമരുന്ന് ഇനത്തിൽപെട്ട എം.ഡി.എം.എ വിതരണം ചെയ്യുന്ന കണ്ണികളിലെ ഉറവിടത്തിൽപെട്ടവരെയാണ് ഇപ്പോൾ പിടികൂടിയിരിക്കുന്നത്.
നൈജീരിയൻ പൗരനെ അറസ്റ്റുചെയ്തതോടെ, മയക്കുമരുന്ന് കള്ളക്കടത്ത് നടത്തുന്ന പ്രധാനിയെ അറസ്റ്റുചെയ്യാനും പൊലീസിന് കഴിഞ്ഞുവെന്നത് നേട്ടമാണ്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ലക്ഷങ്ങൾ വിലമതിക്കുന്ന അര കിലോ മയക്കുമരുന്ന് പിടികൂടാനും കഴിഞ്ഞു. മണ്ണുത്തി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ മൂന്ന് രാജ്യങ്ങളിലെ പൗരന്മാർ പ്രതികളായി അറസ്റ്റുചെയ്യപ്പെട്ടുവെന്നതും അപൂർവതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.