മാരക ലഹരി ഗുളികകളുടെ വിൽപന; കൊലക്കേസ് പ്രതിയുൾപ്പെടെ രണ്ടുപേർ പിടിയിൽ
text_fieldsരാജീവ്
കൊല്ലം: മാരക ലഹരി ഗുളികകളുമായി ലഹരിവിൽപന സംഘത്തിലെ പ്രധാനിയും കഞ്ചാവുമായി കൊലക്കേസിൽ ശിക്ഷ അനുഭവിച്ച പ്രതിയും പിടിയിൽ. 27.148 ഗ്രാം നൈട്രോസെപ്പാം, 380 ടൈഡോൾ ഗുളികകൾ എന്നിവയുമായി കൊല്ലം മുണ്ടക്കൽ സ്വദേശി ഉദയമാർത്താണ്ഡം പുതുവയൽ പുരയിടം രാജീവാണ് (39) എക്സൈസിന്റെ പിടിയിലായത്.
കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ കൊല്ലം പള്ളിത്തോട്ടം സ്വദേശി ആറ്റുകാൽ പുറമ്പോക്കിൽ സിയാദ് (40) 10 ഗ്രാം കഞ്ചാവുമായും പിടിയിലായി.
ഓപറേഷൻ ക്ലീൻ സ്റ്റേറ്റ് സ്പെഷൽ ഡ്രൈവിൽ കൊല്ലം എക്സൈസ് നടത്തിയ ഷാഡോ നിരീക്ഷണത്തിന്റെ ഭാഗമായാണ് ലഹരിഗുളികകൾ വിതരണം ചെയ്യുന്ന ജില്ലയിലെ പ്രധാന കണ്ണിയായ രാജീവ് പിടിയിലായത്. കോളജ് വിദ്യാർഥികൾക്കും മറ്റും ലഹരിഗുളികകൾ നൽകുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ചയിലേറെയായി പ്രതി എക്സൈസ് നിരീക്ഷണത്തിലായിരുന്നു. പിടിയിലായ പ്രതിക്ക് ലഹരിഗുളികകൾ എത്തിച്ചു നൽകുന്ന കണ്ണികളെക്കുറിച്ചും ഇയാളുടെ അന്തർസംസ്ഥാന ബന്ധങ്ങളെ കുറിച്ചും അന്വേഷണം ഊർജിതമാക്കിയതായി കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. ശങ്കർ അറിയിച്ചു.
റെയ്ഡിൽ എ.ഇ.ഐ ഗ്രേഡ് ഷഹായുദ്ദീൻ, പി.ഒ ഗ്രേഡുമാരായ അനിഷ്കുമാർ, ജ്യോതി, നാസർ, ഡബ്ല്യു.സി.ഇ.ഒ രാജി, സി.ഇ.ഒ സാലിം, ഗോകുൽ ഗോപൻ, ആസിഫ് അഹമ്മദ്, പ്രദീഷ്, സി.ഇ.ഒ ഡ്രൈവർ വിശ്വനാഥൻ എന്നിവർ പങ്കെടുത്തു. ലഹരിയെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ 9400069454 എന്ന നമ്പറിൽ വിളിച്ചറിയിക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.