വലമുറുക്കിയിട്ടും വ്യാപനത്തിന് കുറവില്ല; ഒരാഴ്ചക്കിടെ എം.ഡി.എം.എയുമായി പിടിയിലായത് 20 ഓളം യുവാക്കൾ
text_fieldsകൊല്ലം: ലഹരിസംഘങ്ങൾക്കെതിരെ അധികൃതർ വലമുറുക്കിയതോടെ ദിനംപ്രതി കേസുകൾ ഉയരുന്നു. ജില്ലയുടെ വിവിധ ഇടങ്ങളിലായി എം.ഡി.എം.എ ഉൾപ്പെടെ മാരകലഹരിയുമായി പിടിയിലാകുന്നവരുടെ എണ്ണം ദിനേന വർധിക്കുകയാണ്.
ഒരാഴ്ചക്കുള്ളിൽ മാത്രം ജില്ലയിൽ ഇരുപതോളം യുവാക്കളാണ് എം.ഡി.എം.എയുമായി മാത്രം പിടിയിലായത്. ഡാൻസാഫ്, പൊലീസ്, എക്സൈസ് വലയിൽ ഇക്കഴിഞ്ഞദിവസങ്ങളിൽ കുടുങ്ങിയവർ കടത്തിയ ലഹരി മാത്രം ലക്ഷങ്ങളുടെതാണ്.
ലഹരിവ്യാപനം തടയുന്നതിന് സംയുക്ത സ്ക്വാഡുകള്‍ രൂപവത്കരിച്ച് പരിശോധനകളും സ്പെഷല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവും ഉൾപ്പെടെ ജില്ലയില്‍ നടത്തുന്നുണ്ട്. ഇതരസംസ്ഥാനങ്ങളിൽനിന്ന് ട്രെയിനുകളിലും സ്വകാര്യ വാഹനങ്ങളിലുമാണ് ജില്ലയിലേക്ക് കൂടുതലും രാസലഹരി എത്തുന്നത്. മറ്റ് ലഹരി പദാർഥങ്ങൾ പോലെ കൂടുതൽ അളവ് വേണ്ടാത്തതിനാൽ എം.ഡി.എം.എ കടത്താനും പ്രതികൾക്ക് എളുപ്പമാണ്. കൂടുതൽ കേസുകളും പിടിക്കപ്പെടുന്നത് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ്.
കഴിഞ്ഞയാഴ്ച വിമാനമാർഗം ഡൽഹിയിൽ നിന്ന് എത്തിച്ച എം.ഡി.എം.എ പിടിച്ചത് ഞെട്ടിച്ചിരുന്നു. അഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന 90 ഗ്രാം എം.ഡി.എം.എയാണ് ഉമയനല്ലൂർ വടക്കുംകര റിജി നിവാസിൽ എ. ഷിജുവിൽ നിന്ന് പിടികൂടിയത്. കുട്ടികൾ ലഹരിയിലേക്ക് പോകാതിരിക്കാൻ കായികരംഗത്തേക്ക് കൈപിടിക്കാം എന്ന് ബോധവത്കരണം നടക്കുന്ന നാട്ടിൽ ബോക്സിങ് പരിശീലകനും എം.ഡി.എം.എയുമായി പിടിയിലായി.
കരുനാഗപ്പള്ളിയിൽ 16.104 ഗ്രാം എം.ഡി.എം.എയുമായാണ് ബോക്സിങ് പരിശീലകനായ പന്മന വടുതല ഗോകുൽ ഭവനത്തിൽ ഗോകുൽ (28) അറസ്റ്റിലായത്. പിന്നാലെ കൊല്ലത്ത് 12 ഗ്രാം എം.ഡി.എം.എയുമായി തിരുവനന്തപുരം സ്വദേശികളായ സജീവ്(28), ഡിപിൻ(29) എന്നിവർ പിടിയിലായത് ഇതരജില്ലകളിൽ നിന്നുള്ളവരും ലഹരിവിൽപനയുടെ സാധ്യത കണ്ടറിഞ്ഞ് ഇവിടെ ക്യാമ്പ് ചെയ്യുന്നതിന്റെ ഉദാഹരണമായി. വിപണിയിൽ ഒന്നരലക്ഷം രൂപയോളം വിലവരുന്ന 29 ഗ്രാം എം.ഡി.എം.എയുമായി ജാക്സൺ ഡിക്രൂസ് ഇതിനുപിന്നാലെ പിടിയിലായി. ഇതിനിടയിൽ ചെറിയ അളവിൽ എം.ഡി.എം.എയുമായി പിടിയിലായവരും കഞ്ചാവ് ‘തോട്ടം’ തന്നെ വളർത്തിയവരും ഉൾപ്പെടെയുണ്ട്.
വെള്ളിയാഴ്ച മാത്രം പൊലീസും എക്സൈസും നടത്തിയ പരിശോധനകളിൽ മാരക ലഹരിഗുളിക ഉൾപ്പെടെ കൈവശം വെച്ചതിന് യുവതി ഉൾപ്പെടെ ആറു പേരാണ് ജില്ലയിൽ പിടിയിലായത്. നാട്ടിൽ ലഹരി ഒഴുകുന്നത് വ്യക്തമാക്കുന്നത് ഇനിയും മാരകവിപത്തിനെതിരെ പോരാടണം എന്ന യാഥാർഥ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.