പന്തളത്ത് ലഹരി വ്യാപകം; പരിശോധന നിലച്ചമട്ട്
text_fieldsപന്തളം: പന്തളത്ത് ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപകം. സ്കൂൾ, കോളജ് തലങ്ങളിൽ ലഹരി വ്യാപകമായിട്ടും പരിശോധന നിലച്ച മട്ടാണ്. കഴിഞ്ഞ ആറുമാസത്തിനിടെ നിരവധി അന്തർസംസ്ഥാന തൊഴിലാളികളെ ലഹരിവസ്തുവുമായി പൊലീസ് പിടികൂടിയിരുന്നു. പിടികൂടുന്ന കഞ്ചാവിന്റെ അളവ് കുറവായതിനാൽ ഇവർ ജാമ്യംകിട്ടി പെട്ടെന്ന് പുറത്തിറങ്ങുകയാണ് പതിവ്. ആറുമാസം മുമ്പ് പന്തളം, തോന്നല്ലൂരിൽ വാടകക്ക് താമസിക്കുകയായിരുന്ന പശ്ചിമബംഗാൾ സ്വദേശി സക്കീർ ഹുസൈനെ (33) 40 ഗ്രാം കഞ്ചാവുമായി ഡാൻസാഫ് സ്ക്വാഡ് പിടികൂടിയിരുന്നു.
നടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയപ്പോൾ കഞ്ചാവിന്റെ അളവ് കുറവായതിനാൽ ഇയാൾക്കും ജാമ്യം ലഭിച്ചു. മൂന്നുമാസം മുമ്പ് പന്തളം ഐരാണിക്കുഴി പാലത്തിനുസമീപം കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിലായിരുന്നു. പന്തളം, മങ്ങാരം കുരിക്കാവിൽ അജിത് (25), പന്തളം, ഉണ്ണിഭവനിൽ ഗുരുപ്രിയൻ (21), പെരുനാട് മാമ്പാറ, വാഴപ്പറമ്പിൽ വിഷ്ണു (27) എന്നിവരാണ് പിടിയിലായത്. മാർച്ച് 17ന് കഞ്ചാവ് കച്ചവടത്തിൽനിന്നും പിന്മാറിയതിനെ തുടർന്ന് യുവാവിന്റെ വീട് തല്ലിത്തകർത്ത് തീയിട്ടിരുന്നു. പന്തളം മങ്ങാരം ആനക്കുഴി 36 വിളയിൽ അശ്വതി ഭവനിൽ രേഖയുടെ വീടാണ് ആക്രമിക്കപ്പെട്ടത്. ഇതിലെ പ്രതികളെ ഇതുവരെ പൊലീസ് പിടികൂടിയിട്ടില്ല. ഏറ്റവുമൊടുവിൽ കഴിഞ്ഞദിവസം പന്തളം കടക്കാട് തെക്ക് സലാല ഹൗസിൽ വാടകക്ക് താമസിക്കുകയായിരുന്ന പശ്ചിമബംഗാൾ സ്വദേശി ദുലാൻ ഹുസൈനെ (32) 360 ഗ്രാം കഞ്ചാവുമായി പൊലീസ് സംഘം പിടികൂടി. ഇയാളും റിമാൻഡിലാണ്.
മയക്കുമരുന്നു കടത്തും വില്പനയും ഉപയോഗവും തടയാനുള്ള ശക്തമായ പ്രവര്ത്തനം പൊലീസും എക്സൈസും ഊർജിതമാക്കണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.