റിസോർട്ട് കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വിൽപന മുഖ്യ പ്രതി പിടിയിൽ
text_fieldsഹരിപ്പാട് : റിസോർട്ടിൽ നിന്നും എം.ഡി. എം. എ. പിടികൂടിയ സംഭവത്തിൽ മുഖ്യപ്രതി പൊലീസിെൻറ പിടിയിലായി. ഡാണാപ്പടി മംഗല്യ റിസോർട്ടിൽ മയക്കുമരുന്ന് സൂക്ഷിച്ചു വിൽപ്പന നടത്തിയ കേസിൽ ഏഴ് യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. 2021 നവംബർ എട്ടിന് 52.4 ഗ്രാം എം.ഡി. എം. എ. യാണ് റിസോർട്ടിൽ നിന്നും പിടികൂടിയത്. സംഘത്തിന് മയക്കുമരുന്ന് എത്തിച്ചു നൽകിയ മുഖ്യ പ്രതി തിരുവല്ല നെടുമ്പുറം എഴുമുളത്തിൽ മുഫാസ് മുഹമ്മദിനെയാണ് (27) ഹരിപ്പാട് പൊലീസ് ഗോവയിൽ നിന്നും സാഹസികമായി പിടികൂടിയത്.
കേസിൽ മുൻപ് അറസ്റ്റിലായ നൈജീരിയകാരനായ പ്രതി, ജോൺ കിലാച്ചി ഓഫറ്റോ, തമിഴ്നാട് സ്വദേശികളായ തിരുപ്പൂർ സെക്കൻഡ് സ്ട്രീറ്റ്,46 കാമരാജ് നഗർ വടിവേൽ, തിരുവല്ലൂർ ഫസ്റ്റ് സ്ട്രീറ്റ്, രായപുരം മഹേഷ് കുമാർ എന്നിവരുമായുള്ള ബന്ധം വഴിയാണ് മുഫാസ് മറ്റൊരു പ്രതിയായ സജിൻ എബ്രഹാമിന് മയക്കുമരുന്ന് എത്തിച്ചു കൊടുത്തിരുന്നത്. സംഭവത്തിന് ശേഷം പ്രതി ഒരു വർഷമായി മറ്റു സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. പൊലീസ് പിടിക്കാതിരിക്കാനായി രൂപം മാറ്റിയും, പല സംസ്ഥാനങ്ങളിലെ സിമ്മുമാണ് ഉപയോഗിച്ചിരുന്നത്. കുറച്ചു ദിവസം മാത്രമേ പ്രതി ഒരു സിം ഉപയോഗിക്കൂ. അതുകഴിഞ്ഞാൽ അടുത്ത ഫോണും സിമ്മും എടുക്കുന്നതാണ് പതിവ്.
സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതി ഹിമാചൽ പ്രദേശത്തു കസോൾ എന്ന സ്ഥലത്തു ഒളിവിൽ താമസിച്ചു വരുകയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ആലപ്പുഴ ജില്ല പൊലീസ് മേധാവിയുടെ നിർദേശനുസരണം കായംകുളം ഡി.വൈ.എസ്.പി. അജയ്നാഥത്തിെൻറ മേൽ നോട്ടത്തിൽ ഹരിപ്പാട് എസ്. എച്ച് .ഒ. വി. എസ്. ശ്യാംകുമാർ , സീനിയർ സി.പി.ഒ. അജയകുമാർ, സി.പി.ഒ. നിഷാദ് എന്നിവരടങ്ങുന്ന സംഘം ഹിമാചൽ പ്രദേശിലേക്കു പോയി. ഇതിനിടയിൽ പ്രതി ഹിമാചൽ നിന്ന് ഗോവയിലേക്ക് വരുന്നതായി മനസ്സിലാക്കി അന്വേഷസംഘം അവിടെ എത്തി കാത്തുനിന്നു. ഗോവയിലെ ഒരു ഉൾപ്രദേശത്ത് മയക്കുമരുന്ന് സംഘം തങ്ങുന്ന ഒരുവീട്ടിൽ എത്തിയ പ്രതിയെ അന്വേഷസംഘം ഒരു രാത്രിമുഴുവൻ കാത്തിരുന്ന് സാഹസികമായി പിടികൂടുകയായിരുന്നു. ഹരിപ്പാട് എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ഗ്രാമിന് 3000 രൂപ മുതൽ 5000 വരെ വിലയ്ക്കാണ് വിൽക്കുന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇവർ മാസത്തിൽ രണ്ടു മൂന്നു തവണ ബാംഗ്ളൂരിൽ പോയി എം.ഡി. എം. എ. യും കഞ്ചാവും നാട്ടിലെത്തിച്ച് വിൽപ്പന നടത്തിവരുകയായിരുന്നു. 19 പ്രതികളുള്ള കേസിൽ മുഖ്യപ്രതി ഉൾപ്പെടെ 15 പേർ പിടിയിലായിട്ടുണ്ട്. ബാക്കിയുള്ള പ്രതികൾ ഒളിവിലാണെന്നും ഉടൻ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.