ഒരു റൗണ്ട് കൂടി എന്ന് അലറി വിളിച്ചു; മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് സ്ത്രീ മരിച്ചു, നാല് പേർക്ക് ഗുരുതര പരിക്ക്
text_fieldsവഡോദര: ഗുജറാത്തിലെ വഡോദരയിൽ മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് സ്ത്രീ മരിച്ചു. നാല് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രി കരേലിബാഗിലെ അമ്രപാലി ചാര്‍ രാസ്തയിലാണ് അപകടം നടന്നത്. അപകടത്തില്‍ ഹേമാലി ബെന്‍ പട്ടേല്‍ എന്ന സ്ത്രീയാണ് മരിച്ചത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. യുവാവ് അമിതവേഗതയിലാണ് കാറോടിച്ചതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
എം.എസ് സര്‍വകലാശാലയിലെ നിയമ വിദ്യാര്‍ഥിയായ രക്ഷിത് രവീഷ് ചൗരസ്യയാണ് കാറോടിച്ചിരുന്നത്. രക്ഷിത് പോലീസ് കസ്റ്റഡിയിലാണ്. അപകടം നടന്നതിന് ശേഷം രക്ഷിതും സുഹൃത്തുക്കളും 'ഒരു റൗണ്ട് കൂടി' എന്നും 'ഓം നമ:ശിവായ' എന്നും വിളിച്ചുപറയുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. മാത്രമല്ല, ഇവരുടെ പിന്നാലെ ആളുകള്‍ ഓടുന്നതും സംസാരിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.
യുവാവ് മദ്യലഹരിയിലാണ് വാഹനം ഓടിച്ചിരുന്നത് അതാണ് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടമാകാന്‍ കാരണമായതെന്ന് പൊലീസ് ജോയിന്റ് കമ്മീഷ്ണര്‍ ലീനാ പാട്ടീല്‍ പറഞ്ഞു. കാറിൻ്റെ നിയന്ത്രണം നഷ്ടപ്പെടുമ്പോള്‍ കാറിൻ്റെ വേഗത 100 കിലോമീറ്ററായിരുന്നു.
താന്‍ മദ്യപിച്ചിരുന്നില്ലെന്നാണ് രക്ഷിത് അവകാശപ്പെടുന്നത്. സുഹൃത്തിന്റെ വീട്ടില്‍ നിന്ന് മടങ്ങുമ്പോഴാണ് അപകടമുണ്ടായതെന്നും എയര്‍ബാഗ് അപ്രതീക്ഷിതമായി പ്രവര്‍ത്തിച്ചതിനാല്‍ തനിക്ക് മുന്നിലുള്ളതൊന്നും കാണാന്‍ സാധിച്ചില്ലെന്നും രക്ഷിത് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.