മദ്യലഹരിയിൽ വെളിപ്പെട്ടത് 30 വർഷം മുമ്പ് നടത്തിയ കൊലപാതകം; 49കാരൻ അറസ്റ്റിൽ
text_fieldsമുംബൈ: മദ്യവും അമിത ആത്മവിശ്വാസവും തമ്മിൽ ചേർന്നാൽ ചിലപ്പോൾ വിപരീതഫലമാകും ഉണ്ടാവുക. അങ്ങനെയൊരു സംഭവമാണ് മുംബൈ പൊലീസിന് 30 വർഷം മുമ്പ് നടന്ന ഒരു കൊലപാതകക്കേസിന്റെ ചുരുളഴിക്കാൻ സഹായിച്ചത്. മദ്യലഹരിയിൽ 49കാരനായ അവിനാശ് പവാർ ആണ് 30 വർഷം മുമ്പ് നടത്തിയ കൊലപാതകത്തെ കുറിച്ച് വെളിപ്പെടുത്തിയത്. തുടർന്ന് അവിനാശിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
1993 ഒക്ടോബറിലാണ് മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം നടന്നത്. അവിനാശ് അടങ്ങുന്ന മൂന്നംഗ സംഘം ലോണാവാലയിലെ വീട് കവർച്ചക്കിടെ 55 വയസുള്ള വീട്ടുടമസ്ഥനെയും 50വയസുള്ള ഭാര്യയെയും കൊലപ്പെടുത്തുകയായിരുന്നു. ഇവരുടെ വീടിനടുത്തായിരുന്നു അവിനാശ് കട നടത്തിയിരുന്നത്.
കൊലപാതകത്തിൽ ഒപ്പമുണ്ടായിരുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്തുവെങ്കിലും അന്ന് 19 വയസുണ്ടായിരുന്ന അവിനാശ് രക്ഷപ്പെട്ടു. അമ്മയെ നാട്ടിലുപേക്ഷിച്ചാണ് അവിനാശ് ഡൽഹിയിലേക്ക് കടന്നത്. പിന്നീട് ഔറംഗാബാദിലേക്ക് കടന്ന് അമിത് പവാർ എന്ന പേരിൽ ഡ്രൈവിങ് ലൈസൻസെടുത്തു. അതുകഴിഞ്ഞ് പിംപ്രി-ചിൻച്‍വാദിലേക്കും അഹ്മദാനഗറിലേക്കും പോയി. ഒടുവിൽ മുംബൈയിലെ വിഖ്‌റോലിയിലെത്തി കുടുംബമായി കഴിയുകയായിരുന്നു. പുതിയ പേരിൽ ആധാർ കാർഡും സ്വന്തമാക്കി.
ഒരിക്കൽ പോലും കൊലപാതകം നടന്ന ലോണാവാല സന്ദർശിച്ചില്ല. അവിനാശിന്റെ അമ്മയും ഭാര്യയുടെ മാതാപിതാക്കളും താമസിക്കുന്നത് ഇവിടെയാണ്. ഒരിക്കലും പിടിക്കപ്പെടില്ല എന്ന ആത്മവിശ്വാസത്തിലായിരുന്നു. അതിന്റെ ബലത്തിലാണ് മദ്യസൽകാരത്തിനിടെ തന്റെ വീരകൃത്യങ്ങൾ വെളിപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.