യൂത്ത് ലീഗ് പ്രവർത്തകനെ വെട്ടിയ കേസിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് കഠിന തടവ്
text_fieldsവടകര: മാഹി റെയിൽവേ സ്റ്റേഷന് സമീപം രയരോത്ത് മുക്കിൽ വെച്ച് യൂത്ത് ലീഗ് പ്രവർത്തകനെ വെട്ടി പരിക്കേൽപിച്ച കേസിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് അഞ്ചുവർഷം വീതം കഠിനതടവും 50000 രൂപ വീതം പിഴയും ശിക്ഷ. അഴിയൂർ വലിയ പറമ്പത്ത് റിയാസ് എന്ന കലാപം ഖലീൽ (35), ചോമ്പാല കുഞ്ഞിപ്പള്ളി പാറേമ്മൽ പി. അഫ്നാസ് (35) എന്നിവരെയാണ് വടകര അഡീഷനൽ ജില്ല സെഷൻസ് കോടതി ജഡ്ജ് വി.പി.എം. സുരേഷ്ബാബു ശിക്ഷിച്ചത്.
അഴിയൂർ സാജിത മൻസിലിൽ സജിനീതിനെ ബൈക്ക് തടഞ്ഞുനിർത്തി വെട്ടിയ കേസിലാണ് ശിക്ഷ. കേസിലെ മൂന്ന്, നാല് പ്രതികളായിരുന്ന അഷറഫ്, റഫ്സൽ എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. അഞ്ചാം പ്രതി ഒളിവിൽ പോയതിനാൽ കേസ് പിന്നീട് പരിഗണിക്കും. 2016 ഡിസംബർ 19നാണ് കേസിനാസ്പദമായ സംഭവം. സജിനീത് സഞ്ചരിച്ച കെ.എൽ 58 ആർ 6390 ബൈക്ക് അഴിയൂർ രയരോത്ത് മുക്കിൽവെച്ച് രണ്ടു ബൈക്കുകളിലായി എത്തിയ പ്രതികൾ രാഷ്ട്രീയവൈരാഗ്യത്താൽ തടഞ്ഞുനിർത്തി വാൾ ഉപയോഗിച്ച് വെട്ടുകയും കമ്പികൊണ്ട് അടിച്ചു പരിക്കേൽപിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. സി.ഐ ടി. മധുസൂദനൻ നായരാണ് കേസ് അന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.