എടവനക്കാട്ടെ കൊലപാതകം; ദൃക്സാക്ഷികൾ ഇല്ലാത്തതിനാൽ പരമാവധി മറ്റു തെളിവുകൾ ശേഖരിക്കും
text_fieldsഎടവനക്കാട്: ഭാര്യയെ കൊന്നുകുഴിച്ചുമൂടിയ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽനിന്ന് പ്രതിയുമായി പൊലീസ് വീണ്ടും തെളിവെടുപ്പ് നടത്തി. എടവനക്കാട് അറക്കപ്പറമ്പിൽ സജീവനെയാണ് (45) മൃതദേഹം കണ്ടെത്തിയ എടവനക്കാട് വാച്ചാക്കലെ വാടകവീട്ടിലെത്തിച്ച് തെളിവെടുത്തത്.
ശാസ്ത്രീയ പരിശോധന സംഘം, മെറ്റൽ ഡിക്ടറ്ററുമായി ബോംബ് സ്ക്വാഡ്, ഫോറൻസിക് സംഘം എന്നിവരും പൊലീസ് സംഘത്തിനൊപ്പം ഉണ്ടായിരുന്നു. കുഴിച്ചിടുന്നതിനുമുമ്പ് മൃതശരീരത്തിൽനിന്ന് മൂക്കൂത്തി അഴിച്ചുമാറ്റിയിട്ടില്ലെന്ന പ്രതിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് ഇത് കണ്ടെത്താനായിരുന്നു മെറ്റൽ ഡിക്ടറ്ററുമായി ബോംബ് സ്ക്വാഡ് എത്തിയത്.
എന്നാൽ, ശ്രമം വിഫലമായി. കൊലപാതകശേഷം രമ്യയുടെ മൃതദേഹം കുഴിച്ചിട്ടയിടത്തെ ചളിയും മണ്ണും ശാസ്ത്രീയ സംഘം പരിശോധിച്ചു. എന്നിട്ടും മൂക്കുത്തി കണ്ടെത്താനായില്ല. വീട്ടുവളപ്പിലെ കിണർ വറ്റിച്ച് ചളിവാരി കരയിൽ കയറ്റി പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല. മൂക്കുത്തിക്ക് പുറമെ രമ്യ ഉപയോഗിച്ച ഫോൺ, സിം കാർഡ് എന്നിവക്കായും തിരച്ചിൽ നടന്നു. ഇതിനിടെ മൃതദേഹത്തിൽനിന്ന് മാറ്റിയശേഷം കത്തിച്ചുകളഞ്ഞ രമ്യയുടെ വസ്ത്രാവശിഷ്ടങ്ങൾ വീടിന് പടിഞ്ഞാറുവശത്ത് കണ്ടെത്തി. ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ വിശദമായി ചോദ്യം ചെയ്തശേഷമായിരുന്നു തെളിവെടുപ്പിനു കൊണ്ടുവന്നത്.
പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കലാണ് പൊലീസ് ലക്ഷ്യം. കൊലക്കുശേഷം നശിപ്പിച്ചുകളഞ്ഞെന്ന് പറയുന്ന രമ്യയുടെ മൊബൈൽഫോണിന്റെ അവശിഷ്ടങ്ങൾ തേടുകയാണ് പൊലീസ്. കൂടാതെ ഭാര്യയെ കൊലപ്പെടുത്തിയതിനോട് അനുബന്ധിച്ച് കൊന്നുകളഞ്ഞ വളർത്തുനായയെക്കുറിച്ച തെളിവുകളും കണ്ടെത്തേണ്ടതുണ്ട്. കൊല നടത്തിയത് സജീവാണെന്ന് സമർഥിക്കാൻ ദൃക്സാക്ഷികൾ ഇല്ലാത്ത സാഹചര്യത്തിലാണ് പരമാവധി മറ്റു തെളിവുകൾ ശേഖരിക്കുന്നത്. ടെറസിൽനിന്ന് നേരത്തേ രക്തംവീണ പാടുകൾ കണ്ടെത്തിയത് പൊലീസ് ശാസ്ത്രീയ വിഭാഗം പരിശോധിച്ചിരുന്നു. ഇത് രക്തമാണെന്ന് ഉറപ്പാക്കിയിരുന്നു. പറവൂർ ഡിവൈ.എസ്.പി എം.കെ. മുരളിയുടെ നേതൃത്വത്തിൽ സി.ഐമാരായ രാജൻ കെ.അരമന, എ.എൽ. യേശുദാസ്, എസ്.ഐമാരായ മാഹിൻ സലീം, വി.എ. ഡോളി, എ.എസ്.ഐമാരായ സി.എ. ഷാഹിർ, ദേവരാജ് എന്നിവരാണ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്. തെളിവെടുപ്പ് തുടരുമെന്ന് അന്വേഷണസംഘം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.