മയക്കുമരുന്നുമായി കൊലക്കേസ് പ്രതി ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ
text_fieldsകഴക്കൂട്ടം: എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുമായി കഴക്കൂട്ടത്ത് എട്ടുപേർ പിടിയിലായി. നേമം സ്വദേശി ശ്രീജിത്ത് (30), പൂന്തുറ പുത്തൻപള്ളി സ്വദേശി ആർശ് (21), മുട്ടത്തറ സ്വദേശി ദീപു ജി. ദത്ത് (43), തിരുവല്ലം സ്വദേശി രജ്ജിത്ത് (22), പള്ളിച്ചൽ സ്വദേശികളായ വിഷ്ണു (22), ശ്യാംകുമാർ (25), കരമന സ്വദേശികളായ സുബാഷ് (25), അരുൺ (23) എന്നിവരാണ് പിടിയിലായത്. പിടിയിലായവരിൽ ദീപു ദത്ത്, ശ്രീജിത്ത് എന്നിവർ കൊലപാതകം ഉൾെപ്പടെ നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. എം.ഡി.എംഎക്ക് പുറമേ എൽ.എസ്.ഡി സ്റ്റാമ്പുകളും ഇവരിൽ നിന്നും പിടികൂടി.
ജില്ലയിലെ ലഹരി കടത്തുകാരെ നിരീക്ഷിച്ചുവരുന്നതിനിടെയാണ് തിരുവനന്തപുരം നഗരത്തിലെ ഈ സംഘം ഗോവയും മറ്റ് സ്ഥലങ്ങളും സന്ദർശിച്ച വിവരം മനസ്സിലായത്. തുടർന്ന് നർക്കോട്ടിക് സെൽ അസി. കമീഷണർ ഷീൻ തറയിലിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതികൾ പിടിയിലാവുകയായിരുന്നു. രണ്ടു കാറുകളിലായിട്ടാണ് സംഘം സഞ്ചരിച്ചിരുന്നത്. ജില്ല അതിർത്തി മുതൽ ഇവരെ നിരീക്ഷിച്ചുവരുന്നതിനിടയിൽ ദേശീയപാതയിൽ കഴക്കൂട്ടം മിഷൻ ആശുപത്രിക്ക് സമീപംവെച്ചായിരുന്നു അറസ്റ്റ്.
ശരീരത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഒളിപ്പിച്ച നിലയിലാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. പ്രത്യേകം പരിശീലനം ലഭിച്ച പൊലീസ് നായയെയും സ്ഥലത്തെത്തിച്ച് പരിശോധന നടത്തി. പിടിയിലായവർ വലിയ അളവിൽ എത്തിച്ച ലഹരി വസ്തുക്കൾ മറ്റെവിടെയെങ്കിലും കച്ചവടം നടത്തിയിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്. പ്രതികളുടെ അറസ്റ്റ് കഴക്കൂട്ടം പൊലീസ് രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.