എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: പോക്സോ ചുമത്തിയ അധ്യാപകന് അറസ്റ്റിൽ
text_fieldsഉദുമ: ദേളിയിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യചെയ്ത സംഭവത്തില്‍ അധ്യാപകനും ആദൂർ സ്വദേശിയുമായ ഉസ്മാൻ (25) അറസ്റ്റിൽ.
ബേക്കല്‍ ഡിവൈ.എസ്.പി സി.കെ. സുനില്‍ കുമാറിെൻറ നേതൃത്വത്തിൽ മേൽപറമ്പ സി.ഐ ടി. ഉത്തംദാസ്, എസ്.ഐ വിജയൻ എന്നിവർ പ്രതിക്കായി ആദൂർ, കർണാടക, ഗോവ, മഹാരാഷ്ട്ര ഭാഗങ്ങളിൽ അന്വേഷണം നടത്തി വരുകയായിരുന്നു. ഇതിനിടയിൽ മുംബൈയിലെത്തിയ പ്രതിയെ അന്വേഷണ സംഘം വലയിലാക്കുകയായിരുന്നു.
ഞായറാഴ്ച ബേക്കൽ സബ് ഡിവിഷൻ ഓഫിസിലെത്തിച്ച പ്രതിയെ ഡിവൈ.എസ്.പി സി.കെ. സുനിൽകുമാർ ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ ആദ്യം അസ്വാഭാവിക മരണത്തിന് കേസ് എടുത്ത മേൽപറമ്പ പൊലീസ്, അന്വേഷണമധ്യേ പ്രതിയുടെ പേരിൽ പോക്സോ നിയമവും ബാലനീതി നിയമവും കൂടാതെ ആത്മഹത്യാ പ്രേരണക്കുറ്റവും ചുമത്തി കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
പെൺകുട്ടിയുടെ മരണവിവരം അറിഞ്ഞ ഉടൻതന്നെ പ്രതി കർണാടകത്തിലേക്ക് കടന്നതായി സൂചന ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ ജില്ല പൊലീസ് മേധാവി പി.ബി. രാജീവിെൻറ നിർദേശപ്രകാരം മേൽപറമ്പ എസ്.ഐ വി.കെ. വിജയന്, എ.എസ്.ഐ അരവിന്ദൻ, ജോസ് വിൻസൻറ് എന്നിവർ ബംഗളൂരുവിൽ എത്തി കർണാടക പൊലീസിെൻറ സഹായത്തോടെ ദിവസങ്ങളോളം പരിശോധന നടത്തിയിരുന്നു.
അതിനിടെ, പ്രതി മഹാരാഷ്ട്രയിലേക്ക് കടന്ന് വിദേശത്തേക്ക് പോകാനായി ശ്രമം നടത്തുന്നതായി മനസ്സിലാക്കിയ അന്വേഷണസംഘം തന്ത്രപൂർവം ഒരുക്കിയ വലയിൽ പ്രതി കുടുങ്ങുകയായിരുന്നു.
കുട്ടിയുടെ ആത്മഹത്യക്ക് പിന്നില്‍ അധ്യാപകെൻറ മാനസിക പീഡനമാണ് എന്നും എത്രയുംപെട്ടെന്ന് പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബവും നാട്ടുകാരും സംഘടനകളും പ്രതിഷേധ പരിപാടികൾ നടത്താൻ തീരുമാനിച്ചിരിക്കെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അടുത്ത ദിവസംതന്നെ കോടതിയിൽ അപേക്ഷ നൽകുമെന്ന് മേൽപറമ്പ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.