ഇലന്തൂരിലെ ഇരട്ട നരബലി കേസ്: പ്രതി ലൈല ഭഗവല്‍സിങ്ങിന്റെ ജാമ്യ ഹര്‍ജി ഹൈകോടതി തള്ളി
text_fieldsഇലന്തൂരിലെ ഇരട്ട നരബലി കേസിലെ പ്രതിയായ ലൈല ഭഗവല്‍സിങ്ങിന്റെ ജാമ്യ ഹര്‍ജി ഹൈകോടതി തള്ളി. ഇരട്ട നരബലി കേസിലെ മൂന്നാം പ്രതിയാണ് ഇലന്തൂർ കാരംവേലി കടകംപള്ളി വീട്ടിൽ ലൈല ഭഗവൽസിങ്ങ്. നേരത്തെ ഇവരുടെ ജാമ്യ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് വിധി പറയാന്‍ മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയത്. ജസ്റ്റിസ് സോഫി തോമസ് ആണ് ജാമ്യ ഹര്‍ജി തള്ളിയത്.
തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും കാഴ്ചക്കാരി മാത്രമായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ലൈല ജാമ്യ ഹര്‍ജി നല്‍കിയത്. സമൂഹത്തെ ഞെട്ടിച്ച കേസാണിതെന്നും ജാമ്യം നൽകരുതെന്നുമായിരുന്നു സർക്കാർ വാദം. എറണാകുളം കാലടി സ്വദേശിനി റോസ്ലിൻ, എറണാകുളത്ത് ലോട്ടറി കച്ചവടം നടത്തിയിരുന്ന തമിഴ്നാട് സ്വദേശിനി പത്മ എന്നിവരെ ഒന്നാം പ്രതിയായ പെരുമ്പാവൂർ അല്ലപ്ര സ്വദേശി ഷാഫി ഇലന്തൂരിലേക്ക് കൂട്ടിക്കൊണ്ടുപോയി ഭഗവൽസിങ്, ഭാര്യ ലൈല എന്നിവരുടെ സഹായത്തോടെ കൊലപ്പെടുത്തി മൃതദേഹങ്ങൾ പല കഷണങ്ങളാക്കി വീടിന്റെ പല ഭാഗത്ത് സംസ്കരിച്ചെന്നാണ് കേസ്.
ഷാഫിക്ക് പണം; ഭഗവലിന് സമ്പത്ത്
ക്രൂരതയിലൂടെയുള്ള ആനന്ദവും പണവുമായിരുന്നു മന്ത്രവാദിയായി അഭിനയിച്ച ഷാഫിയുടെ ലക്ഷ്യം. സാമ്പത്തിക ഉന്നതിയും ഐശ്വര്യവുമായിരുന്നു ഭഗവൽ സിങ്ങിന്റെയും ഭാര്യ ലൈലയുടെയും ഉന്നം. ആഭിചാരക്കൊല നടത്തണമെന്ന് നിർദേശിച്ചത് ഷാഫിയാണെന്നും പത്മയുടെ മാംസം പ്രതികൾ പാചകം ചെയ്ത് കഴിച്ചതായും കുറ്റപത്രത്തിലുണ്ട്. കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ, പത്മയുടെ മാംസം പാചകം ചെയ്യാനുപയോഗിച്ച പാത്രങ്ങൾ, സി.സി ടി.വി ദൃശ്യങ്ങൾ, കവർന്നെടുത്ത ആഭരണങ്ങൾ തുടങ്ങിയവയാണ് പ്രധാന തെളിവുകൾ.
പത്മയെയും റോസ്ലിനെയും ഇലന്തൂരിലെ വീട്ടിലെത്തിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതികൾ സമ്മതിച്ചിരുന്നു. ചോദ്യം ചെയ്യലിനോട് സഹകരിക്കാതിരുന്ന ഷാഫിയിൽനിന്ന് കിട്ടിയതിൽ കൂടുതൽ വിവരങ്ങൾ മറ്റ് രണ്ടു പേരിൽ നിന്നുമാണ് പൊലീസിനു കിട്ടിയത്. നരബലി നടത്തിയാൽ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുമെന്ന അന്ധവിശ്വാസത്തിൽ കൊലപാതകങ്ങൾ നടന്ന വീട് പൊലീസ് സീല്‍ ചെയ്തിരിക്കുകയാണ്. വീട്ടിലേക്ക് ആള്‍ക്കാരുടെ വരവ് പൊലീസ് നിരോധിച്ചിട്ടുണ്ട്. ആറന്മുള പൊലീസ് ഇടക്കിടെ ഇവിടെ വന്നു പോകുന്നുണ്ട്.
അമ്മയെ കാണാനില്ലെന്ന് മകൻ
ലോട്ടറി വിറ്റ് ജീവിച്ചിരുന്ന തന്റെ അമ്മ പത്മയെ കാണാനില്ലെന്ന് കഴിഞ്ഞവർഷം സെപ്റ്റംബർ 27ന് തമിഴ്നാട് സ്വദേശിയായ ശെൽവൻ കടവന്ത്ര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ തുടർഅന്വേഷണത്തിനൊടുവിലാണ് നാടു ഞെട്ടിത്തരിച്ച നരബലിക്കേസ് പുറംലോകം അറിഞ്ഞത്.
അന്വേഷണം എറണാകുളത്ത് ഹോട്ടൽ നടത്തുന്ന പെരുമ്പാവൂർ സ്വദേശി ഷാഫിയിലേക്ക് എത്തി. ഇയാളുടെ ഹോട്ടലിലേക്ക് പത്മ പോകുന്നതും ഇയാളുടെ ബൊലോറ ജീപ്പിൽ കയറുന്നതിന്റെയും സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചതോടെ ഷാഫി വലയിലായി. ഷാഫിയെ ചോദ്യം ചെയ്തപ്പോഴാണ് രണ്ടു നരബലികളുടെയും കാര്യം പുറത്തുവന്നത്. പത്മക്കു മുമ്പ് കാലടിയിലെ ലോട്ടറി വിൽപനക്കാരി റോസ്ലിനെ 2022 ജൂൺ എട്ടിന് കൊലപ്പെടുത്തിയതായും ഷാഫി മൊഴി നൽകി. അങ്ങനെയാണ് കൂട്ടുപ്രതികളായ ഇലന്തൂരിലെ ഭഗവൽ സിങ്, ഭാര്യ ലൈല എന്നിവരിലേക്ക് അന്വേഷണം വന്നത്.
ഇവരെ കടവന്ത്ര പൊലീസ് ഇലന്തൂരിൽനിന്ന് കസ്റ്റഡിയിലെടുത്ത് മൂവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തപ്പോഴാണ് നരബലിയിൽ രണ്ടു സ്ത്രീകൾ ഇരയായതായും മൃതദേഹങ്ങൾ ഭഗവൽ സിങ്ങിന്റെ ഇലന്തൂരിലെ വീടിനോടു ചേർന്ന പുരയിടത്തിൽ കുഴിച്ചിട്ടതായും സ്ഥിരീകരിച്ചത്. പൊലീസ് പ്രാഥമിക അന്വേഷണം പൂർത്തിയായി പ്രതികളെ ഇലന്തൂരിലെ വീട്ടിലേക്ക് കൊണ്ടുവന്ന ഒക്ടോബർ 11നാണ് നരബലി വാർത്തകൾ ലോകം അറിഞ്ഞത്. ആ ദിവസം തന്നെ നരബലിക്ക് വിധേയരായ സ്ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഇലന്തൂരിൽ കണ്ടെത്തുകയും ചെയ്തു.
കൊടും ക്രൂരത
ഷാഫി തന്നെയാണ് കഴിഞ്ഞ വർഷം ജൂൺ എട്ടിന് കാലടിയിലെ ലോട്ടറി വിൽപനക്കാരി റോസ്ലിനെ ഇലന്തൂരിലെ വീട്ടിലെത്തിച്ചത്. രാത്രി കട്ടിലിൽ കെട്ടിയിട്ട ശേഷം ലൈലയുടെ കൈയിൽ വാളുകൊടുത്ത് റോസ്ലിന്റെ കഴുത്ത് മുറിച്ചുമാറ്റി. പിന്നീട് രക്തം കുടിപ്പിച്ചു. മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിട്ടു. മാംസം വേവിച്ചു ഭക്ഷിച്ചു. റോസിലിനെ ബലി നടത്തി ഭഗവൽ സിങ്ങിൽനിന്ന് ഷാഫി പണം വാങ്ങിയെങ്കിലും സാമ്പത്തിക ഉയർച്ച ഉണ്ടാകാത്ത സാഹചര്യത്തിലാണ് രണ്ടാമത് പത്മത്തെ കണ്ടെത്തി കൊലപ്പെടുത്തിയത്. കേസിൽ ഉൾപ്പെട്ട ആഞ്ഞിലിമൂട്ടിൽ ഭഗവല്‍ സിങ്ങിന്റെ പുരയിടത്തില്‍നിന്നാണ് കഷണങ്ങളാക്കിയ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. തല ഉള്‍പ്പെടെ എല്ലാ ശരീരഭാഗങ്ങളും കണ്ടെടുത്തു. മൃതദേഹം കഷണങ്ങളാക്കിയശേഷം ഉപ്പുവിതറിയാണ് കുഴിച്ചിട്ടത്. മൃതദേഹത്തിന്റെ കൈകാലുകള്‍ മുറിച്ചുമാറ്റിയിരുന്നു. പത്മയുടെ മൃതദേഹം കുഴിച്ചിട്ടതിന് മുകളില്‍ തുളസിത്തൈ നട്ടിരുന്നു. പത്മയുടെ മൃതദേഹം പുറത്തെടുക്കുമ്പോൾ രണ്ടാഴ്ചത്തെ പഴക്കമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് പത്മയുടെ മൃതദേഹമാണന്ന സ്ഥിരീകരണത്തിനായി ഡി.എൻ.എ പരിശോധനക്ക് അയച്ചു ഉറപ്പുവരുത്തി.
പ്രതികള്‍ നേരത്തേ നരബലി നടത്തിയശേഷം കുഴിച്ചിട്ട റോസ്ലിന്റെ മൃതദേഹാവശിഷ്ടങ്ങൾ വീടിന്റെ അലക്കുകല്ല് സ്ഥിതി ചെയ്യുന്നതിന് സമീപത്തുനിന്ന് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഇതിന്റെ അവശിഷ്ടങ്ങളും ഡി.എൻ.എ പരിശോധനക്കയച്ച് ഉറപ്പുവരുത്തി.
കൊല്ലപ്പെട്ട സ്ത്രീകളെ പ്രലോഭിപ്പിച്ച് ഭഗവൽ സിങ്ങിന്റെ വീട്ടില്‍ എത്തിച്ചശേഷം കൈകാലുകള്‍ കെട്ടിയിട്ടു മാറിടം അറുത്തുമാറ്റി രക്തം വാര്‍ന്നശേഷം കഴുത്തില്‍ കത്തി കുത്തിയിറക്കി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചത്. രക്തം വീടിന്റെ വിവിധ ഭാഗങ്ങളിൽ തളിച്ചശേഷം ശരീരം കഷണങ്ങളാക്കി നുറുക്കി കുഴിച്ചിട്ടു. മാംസ ഭാഗങ്ങൾ ഇവരുടെ ഫ്രിഡ്ജിൽനിന്ന് കണ്ടെത്തി. മൂവരും ചേർന്ന് കറിവെച്ച് ഭക്ഷിക്കുകയും ചെയ്തു. രണ്ടു സ്ത്രീകളെയും ക്രൂരമായി ബലാത്സംഗം ചെയ്തു. മൃതദേഹത്തോടും വലിയ ക്രൂരത കാട്ടിയത് മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ചു.
സമൂഹമാധ്യമവും കളിച്ചു
ശ്രീദേവി എന്ന പേരിൽ വ്യാജ എഫ്.ബി അക്കൗണ്ട് സൃഷ്ടിച്ചാണ് മന്ത്രവാദിയായ ഷാഫി, ഭഗവൽ സിങ്ങിനെ കുടുക്കിയത്. പിന്നീട് ഒരു സിദ്ധനുണ്ടെന്നും സാമ്പത്തിക പ്രശ്നങ്ങൾ മാറ്റി തരുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. സിദ്ധനായി ഷാഫി തന്നെ അവതരിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്ന ഭഗവൽ സിങ്ങും ഭാര്യ ലൈലയും ഇതൊരു പിടിവള്ളിയായി കണ്ടു. തങ്ങളുടെ ബുദ്ധിമുട്ടുകൾ മാറുമെന്നവർ വിശ്വസിച്ചു. നരബലി നടത്തിയാൽ മതിയെന്നും അതിനായി സ്ത്രീയെ കുരുതി കൊടുക്കാനും നിർദേശിച്ചു.
ഫേസ്ബുക്കിൽ ഹൈക്കു കവിതകളുമായി ഭഗവൽ സിങ്ങും സജീവമായിരുന്നു.ഇലന്തൂരിലെ ആഞ്ഞിലിമൂട്ടിൽ കുടുംബത്തിലെ വൈദ്യപാരമ്പര്യ കണ്ണിയായിരുന്നു ഭഗവൽ സിങ്. കോഴഞ്ചേരി സെന്റ് തോമസ് കോളജിൽനിന്ന് ബിരുദമെടുത്ത സിങ് നാട്ടിൽ ഏവർക്കും പ്രിയപ്പെട്ടവനായിരുന്നു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി, കാരംവേലി എസ്.എൻ.ഡി.പി ശാഖ യോഗം ഭാരവാഹി എന്നീ നിലകളിലും ശ്രദ്ധേയനായിരുന്ന ഇയാൾ എങ്ങനെ ഈ കുരുക്കിൽപെട്ടു എന്നതാണ് ഇനിയും ഉത്തരം കിട്ടാത്ത ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.