നരബലി: ശരീരഭാഗങ്ങൾ പാചകം ചെയ്തെന്ന് സമ്മതിച്ച് പ്രതികൾ, വീട്ടിലെ മുറി പോസ്റ്റ്മോർട്ടം ടേബിളിന് സമാനം
text_fieldsപത്തനംതിട്ട: കൊലപ്പെടുത്തിയ സ്ത്രീകളുടെ ശരീരഭാഗങ്ങൾ പാചകം ചെയ്തെന്ന് സമ്മതിച്ച് ലൈല. പക്ഷേ പാചകം ചെയ്ത മനുഷ്യമാംസം ഭക്ഷിച്ചോ എന്ന ചോദ്യത്തോട് ലൈല മൗനം പാലിച്ചു. കുക്കറിലാണ് പാചകം ചെയ്തതെന്ന് സമ്മതിച്ച പ്രതി ഉപയോഗിച്ച പാത്രവും മൃതദേഹങ്ങൾ വെട്ടിമുറിക്കാൻ ഉപയോഗിച്ച നാല് വെട്ടുകത്തികളും അന്വേഷണ ഉദ്യോഗസ്ഥർക്ക് കാട്ടിക്കൊടുത്തു.
വീടിന്റെ പടിഞ്ഞാറെ മുറി പോസ്റ്റ്മോർട്ടം ടേബിളിന് തുല്യമാണെന്ന് വ്യക്തമായി. 10 കിലോയോളം മാംസമാണ് ഫ്രിഡ്ജിൽ സൂക്ഷിച്ചത്. ഇതിന്റെ രക്തക്കറയാണ് ലഭിച്ചിരിക്കുന്നത്. നരബലി നടന്നതിന് നാൽപതോളം തെളിവുകളാണ് പരിശോധനയിൽ ലഭിച്ചത്. ശരീരാവശിഷ്ടങ്ങൾ വെട്ടിമുറിച്ചത് തിരുമ്മൽ കേന്ദ്രത്തിലാണ്. ശരീരഭാഗങ്ങൾ കത്തിച്ചതിനും തെളിവുകിട്ടി.
മുൾമുനയിൽ നിർത്തി മണിക്കൂറുകൾ നീണ്ട തെളിവെടുപ്പ്
പത്തനംതിട്ട: ഇരട്ട നരബലി നടന്ന ഭഗവൽ സിങ്ങിന്റെ വീട്ടിലും മൃതദേഹങ്ങൾ കുഴിച്ചിട്ട സമീപ പറമ്പിലും മൂന്ന് പ്രതികളെയും എത്തിച്ച് പൊലീസ് തെളിവെടുത്തു. കൊലപാതകം നടന്ന വീട്ടിലെ മുറിയിൽ പ്രതികളെ ഓരോരുത്തരെയായി നിർത്തി ഡെമ്മി പരീക്ഷണവും നടത്തി. ഒന്നാം പ്രതി മുഹമ്മദ് ഷാഫി, രണ്ടാം പ്രതി ഭഗവൽ സിങ്, മൂന്നാം പ്രതിയും ഭഗവൽ സിങ്ങിന്റെ രണ്ടാം ഭാര്യയുമായ ലൈല എന്നിവരെ ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് വീട്ടിൽ എത്തിച്ചത്. പരിശോധനകൾ ശനിയാഴ്ച രാത്രി വൈകിയും തുടർന്നു. കാടും പടലും നിറഞ്ഞ ഒന്നര ഏക്കറിൽ ഇനിയും മൃതദേഹങ്ങളുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ വിദഗ്ധ പരിശീലനം ലഭിച്ച രണ്ട് പൊലീസ് നായ്ക്കളെയും എത്തിച്ചിരുന്നു. വീട്ടിലും വൈദ്യന്റെ തിരുമ്മുകേന്ദ്രത്തിലും ഇവ മണം പിടിച്ചെത്തി.
വൻ പൊലീസ് സന്നാഹത്തെ അണിനിരത്തിയെങ്കിലും പ്രതികളെ എത്തിക്കവെ പ്രതിഷേധവുമുണ്ടായി. കഴിഞ്ഞ വ്യാഴാഴ്ച ചോദ്യംചെയ്യലിനും തെളിവെടുപ്പിനും എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽനിന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുമായി ശനിയാഴ്ച പുലർച്ച അന്വേഷണസംഘം കൊച്ചിയിൽനിന്ന് പുറപ്പെടുകയായിരുന്നു. പ്രതികൾ പരസ്പരം സമ്പർക്കം പുലർത്താതിരിക്കാൻ പ്രത്യേകം വാഹനങ്ങളിലായിരുന്നു യാത്ര.
ഭഗവൽ സിങ്ങിനെ ആദ്യം വാഹനത്തിൽനിന്ന് പുറത്തിറക്കി പറമ്പിലെത്തിച്ച് തെളിവെടുത്തു. ഷാഫിയെയും ലൈലയെയും പിന്നീട് മുറിക്കുള്ളിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്ത് കൊലപാതക വിവരങ്ങൾ ചോദിച്ചറിഞ്ഞു. കാര്യങ്ങൾ വിട്ടുപറയാതെ ഷാഫി അന്വേഷണത്തെ വഴിതെറ്റിക്കുന്നുണ്ട്. എന്നാൽ, തെളിവുകൾനിരത്തിയുള്ള ചോദ്യങ്ങൾക്ക് മുന്നിൽ ലൈല അടിയറവ് പറയുന്നതായി അറിയുന്നു. പൊലീസ് നായ്ക്കൾ മണംപിടിച്ച പറമ്പിലെ സ്ഥലങ്ങൾ മാർക്ക് ചെയ്ത് കുഴിച്ച് പരിശോധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.