നരബലി: പറമ്പ് അരിച്ചുപെറുക്കി മായയും മർഫിയും
text_fieldsപത്തനംതിട്ട: ഇടുക്കി പെട്ടിമുടി ദുരന്തത്തിൽ എട്ട് മൃതദേഹങ്ങൾ കണ്ടെടുക്കാൻ സഹായിച്ച മായയും വിഗദ്ധ പരിശീലനം ലഭിച്ച മറ്റൊരു പൊലീസ് നായ് മർഫിയും നരബലി നടന്ന ഇലന്തൂരിലെ കടകമ്പള്ളി വീടും പരിസരവും അരിച്ചുപെറുക്കി മണം പിടിച്ചത് ദൃശ്യമാധ്യമങ്ങളിലൂടെ കേരളം ശ്വാസമടക്കി കണ്ടുനിന്നു.
ബെൽജിയം മലിനോയ്സ് ഇനത്തിൽപെട്ട രണ്ട് നായ്ക്കളെയും തൃശൂരിലെ പൊലീസ് അക്കാദമിയിൽ വിദഗ്ധ പരിശീലനം നൽകിയാണ് കേരള പൊലീസിന്റെ ഭാഗമാക്കിയത്. കുടുംബത്തിന്റെ സമ്പൽ സമൃദ്ധിക്കുവേണ്ടി കൂടുതൽപേരെ ബലി നൽകി ഭഗവൽ സിങ്ങിന്റെ പറമ്പിൽ കുഴിച്ചിട്ടുണ്ടോയെന്ന പരിശോധനയുടെ ഭാഗമായി ഒന്നര ഏക്കർ പറമ്പിൽ മായ(ലില്ലി)യും മർഫിയും പാഞ്ഞുനടന്നു.
നായ്ക്കൾ അസ്വാഭാവികമായി പ്രതികരിച്ച സ്ഥലങ്ങൾ പ്രത്യേകം അടയാളപ്പെടുത്തി. കുഴിച്ചുള്ള പരിശോധന ഞായറാഴ്ച നടത്തും. ശനിയാഴ്ച ഉച്ചയോടെ അന്വേഷണസംഘത്തിനൊപ്പം എത്തിയ നായ്ക്കൾ ഓടി നടന്നും ഇടക്ക് വിശ്രമിച്ചും അന്വേഷണത്തിന്റെ ഭാഗമായി. ആദ്യം മൂന്നുസ്ഥലത്ത് മണം പിടിച്ചുനിന്ന നായ്ക്കൾ പിന്നീട് കൂടുതൽ സ്ഥലങ്ങളിലേക്ക് അന്വേഷണസംഘത്തിന് വഴികാട്ടിയായി. റോസ്ലിയുടെ മൃതദേഹ അവശിഷ്ടങ്ങൾ കുഴിച്ചിട്ടതിനുസമീപം എട്ടിടത്തായി ഇവ മണം പിടിച്ചു.
പത്മത്തിന്റെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയതിന് സമീപം അയൽവാസിയുടെ മതിലിനോട് ചേർന്ന് ചെമ്പക തൈ നട്ടിടത്ത് നായ്ക്കൾ നിന്നു. പറമ്പിലെ ചെടിപ്പടർപ്പുകൾക്കിടയിൽ തുളസിത്തൈയും മഞ്ഞളും കൂട്ടം കൂടി അസ്വാഭാവികമായി കണ്ട സ്ഥലങ്ങളിൽ നായ്ക്കൾ പലപ്രാവശ്യം കറങ്ങി എത്തി. അമേരിക്കൻ മിലിട്ടറിയുടെ ശ്വാനപ്പടയിലെ താരമാണ് ബെൽജിയം മലിനോയ്സ് ഇനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.