77 കാരനെ ക്രൂരമായി മർദിച്ച് ആശുപത്രി വരാന്തയിലൂടെ വലിച്ചിഴച്ച് ഡോക്ടർ; വിഡിയോ
text_fieldsഭോപാൽ: മധ്യപ്രദേശിലെ ആശുപത്രിയിൽ വയോധികനെ അതിക്രൂരമായി മർദിച്ച് യുവഡോക്ടർ. ഛത്തർപൂർ ജില്ല ആശുപത്രിയിലെ യുവ ഡോക്ടറാണ് 77 കാരനെ നിഷ്‍കരുണം മർദിച്ച് ആശുപത്രി വരാന്തയിലൂടെ വലിച്ചിഴച്ചത്. ഏപ്രിൽ 17ന് നടന്ന സംഭവത്തിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
രോഗിയായ ഭാര്യയുമായി ഛത്തർപൂർ ജില്ല ആശുപത്രിയിൽ ചികിത്സക്കെത്തിയതായിരുന്നു ഉദ്ധവ് ലാൽ ജോഷിയെന്ന വയോധികൻ. മറ്റുള്ളവരെ പോലെ വരിയിൽ നിൽക്കുമ്പോഴാണ് ഡോക്ടർ വന്ന് അപ്രതീക്ഷിതമായി ആക്രമിച്ചതെന്ന് ഇദ്ദേഹം പറയുന്നു. എന്തിനാണ് വരിയിൽ നിൽക്കുന്നത് എന്ന് ചോദിച്ചായിരുന്നു ഡോക്ടറുടെ ആക്രോശം. വിശദീകരിക്കാൻ ശ്രമിക്കവെ ഡോക്ടർ ജോഷിയുടെ അടിച്ചു. പിന്നീട് ആശുപത്രി പരിസരത്തെ പൊലീസ് ഔട്പോസ്റ്റിലേക്ക് ഇദ്ദേഹത്തെ വലിച്ചിഴച്ച് കൊണ്ടുപോയി.
''ഡോക്ടർ എന്നെ ചവിട്ടി താഴേക്ക് തള്ളിയിട്ടു. എന്നിട്ട് വലിച്ചിഴച്ചു കൊണ്ടുപോയി. മുഖത്തടിച്ചപ്പോൾ കണ്ണട താഴെ വീണ് പൊട്ടി. എന്റെ ചെരിപ്പ് വലിച്ചെറിഞ്ഞു. കൊല്ലുമെന്ന് ഭീഷണി മുഴക്കി. ഭാര്യയെയും ഉപദ്രവിച്ചു.''-ജോഷി മാധ്യമങ്ങളോട് പറഞ്ഞു.
സംഭവസ്ഥലത്തുണ്ടായിരുന്നവർ പ്രതികരിച്ചതോടെ ഡോക്ടർ മെല്ലെ സ്‍ഥലംവിട്ടു. ഡോക്ടർക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യമുയരുന്നത്.
സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും നടപടിയുണ്ടാകുമെന്നും ആശുപത്രി അധികൃതർ പ്രതികരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.