കണ്ണൂരിൽ സമൂഹികവിരുദ്ധർ ചേർന്ന് വയോധികയുടെ വീട് കത്തിച്ചു
text_fieldsകണ്ണൂർ: പാറക്കണ്ടിയില്‍ അഗതിയായ വയോധികയുടെ വീട് സമൂഹികവിരുദ്ധർ കത്തിച്ചു.
പാറക്കണ്ടിയിലെ കോയ്യക്കണ്ടി ശ്യാമളയുടെ (75) വീടാണ് തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെ കത്തിനശിച്ചത്. വീട്ടിനകത്ത് ഉറങ്ങുകയായിരുന്ന ശ്യാമള ശബ്ദം കേട്ട് പുറത്തിറങ്ങിയതിനാൽ അത്ഭുതകരമായി രക്ഷപ്പെട്ടു.
വയോധികയായ ശ്യാമള ബന്ധുക്കൾ മരിച്ച ശേഷം വർഷങ്ങളായി ഒറ്റക്കാണ് താമസം.
വീടിനോടുചേര്‍ന്ന് പഴയ ആക്രിസാധനങ്ങളും ടയറുകളും കാര്‍ബോര്‍ഡുകളും കൂട്ടിയിട്ടിരുന്നു. ഇതിന് തീകൊടുത്തപ്പോൾ വീട്ടിലേക്ക് പടരുകയുമായിരുന്നുവെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസവും ആക്രിസാധനങ്ങൾക്ക് ആരോ തീയിട്ടിരുന്നു.
വിൽക്കാനായി ശേഖരിച്ച കുപ്പിയും മറ്റും പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയതിനാലാണ് രക്ഷപ്പെട്ടതെന്നും ഉറക്ക് ഞെട്ടിയില്ലായിരുന്നുവെങ്കിൽ ആ തീയിൽ എല്ലാം അവസാനിക്കുമായിരുന്നുവെന്നും ശ്യാമള പറഞ്ഞു. കണ്ണൂരില്‍ നിന്ന് അസി. സ്റ്റേഷന് ഓഫിസര്‍ വേണുവിന്റെ നേതൃത്വത്തില്‍ മൂന്ന് യൂനിറ്റ് എത്തിയാണ് തീയണച്ചത്. തീപിടിച്ചയുടന്‍ ഗ്യാസ് സിലിണ്ടര്‍ മാറ്റിയതിനാല്‍ വലിയ അപകടം ഒഴിവായി.
ഏകദേശം ഒരുലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി ഫയർഫോഴ്സ് പറഞ്ഞു. കണ്ണൂർ ബീവറേജിൽ ശുചീകരണ സഹായിയായും ആക്രി സാധനങ്ങൾ ശേഖരിച്ചുവിറ്റുമാണ് ഉപജീവനം നടത്തുന്നത്.
അവശനിലയിലായ ശ്യാമളയ ആശുപത്രിയിലേക്ക് മാറ്റി.
ടൗണ്‍ പൊലീസിൽ പരാതി നല്കി. സമീപത്തെ നിരീക്ഷണ കാമറയിൽ ഒരാൾ ചൂട്ടുമായി ശ്യാമളയുടെ വീടിനെ ലക്ഷ്യമാക്കി വരുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഇതുകേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.