കടയിൽ കയറി തോക്കുചൂണ്ടി ഭീഷണി; വിമുക്തഭടൻ അറസ്റ്റിൽ
text_fieldsചാരുംമൂട്: മൊബൈൽ ഫോൺ കടയിൽ കയറി ജീവനക്കാരെ ആക്രമിക്കുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത വിമുക്തഭടൻ അറസ്റ്റിൽ. കായംകുളം പത്തിയൂർ എരുവ പടിഞ്ഞാറ് കളീക്കൽ വീട്ടിൽ ശിവകുമാറിനെയാണ് (47) നൂറനാട് സി.ഐ ഷൈജു ഇബ്രാഹിമും സംഘവും അറസ്റ്റ് ചെയ്തത്. സ്വകാര്യ സെക്യൂരിറ്റി സർവിസ് സ്ഥാപനത്തിലെ ജീവനക്കാരനായ ഇയാളിൽനിന്ന് തോക്കും വെടിയുണ്ടകളും പിടിച്ചെടുത്തു.
ചാരുംമൂട് ടൗണിലെ മൊബൈൽ ഫോൺ ഷോപ്പിൽ ബുധനാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. മൊബൈൽ ഫോണിന്റെ ഡിസ്പ്ലേ മാറ്റിയത് തകരാറിലായെന്നും വീണ്ടും മാറ്റിത്തരണമെന്നും ആവശ്യപ്പെട്ട് ബുധനാഴ്ച സന്ധ്യയോടെ കടയിലെത്തിയ ശിവകുമാർ ജീവനക്കാരോട് തട്ടിക്കയറുകയും ജീവനക്കാരനെ മർദിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
തുടർന്ന് ഇയാൾ കൊണ്ടുവന്ന ബാഗിൽനിന്ന് തോക്ക് പുറത്തെടുത്ത് ജീവനക്കാരെ ഭീഷണിപ്പെടുത്തി. ശേഷം കാറിൽ കടന്നുകളയുകയായിരുന്നു. ജീവനക്കാർ നൽകിയ പരാതിയെ തുടർന്ന് ജില്ല പൊലീസ് മേധാവിയുടെയും ചെങ്ങന്നൂർ ഡിവൈ.എസ്.പിയുടെയും നിർദേശപ്രകാരം നൂറനാട് സി.ഐയും സംഘവും നടത്തിയ അന്വേഷണത്തിൽ രാത്രി 11ഓടെ കായംകുളം രണ്ടാംകുറ്റിയിൽനിന്നുമാണ് പിടികൂടിയത്. ഇയാളുടെ വീട്ടിൽനിന്ന് തോക്കും വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തു. ജോലി ആവശ്യത്തിനായി ഉപയോഗിക്കുന്ന തോക്കിന് ലൈസൻസ് ഉള്ളതാണെന്നും രേഖകൾ കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.