'ഇന്ത്യൻ ഐഡൽ' മുൻ മത്സരാർഥിയും തൈക്വാൻഡോ ചാമ്പ്യനുമായിരുന്ന യുവാവ് കവർച്ച കേസിൽ പിടിയിൽ
text_fieldsന്യൂഡൽഹി: ദേശീയ തൈക്വാൻഡോയിൽ രണ്ടുതവണ സ്വർണമെഡൽ ജേതാവും റിയാലിറ്റി ഷോ 'ഇന്ത്യൻ ഐഡൽ' മത്സരാർഥിയുമായിരുന്ന 28കാരൻ കവർച്ച കേസിൽ പിടിയിൽ. ഉത്തം നഗറിലെ വികാസ് നഗർ സ്വദേശിയായ സുരാജ് (ഫൈറ്റർ) ആണ് പിടിയിലായത്. 100ലധികം പിടിച്ചുപറി, മോഷണക്കേസുകളിൽ പ്രതിയായ ഇയാളെ പശ്ചിമ ഡൽഹിയിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച, ഡൽഹിയിലെ മോട്ടി നഗർ പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്നു പൊലീസ്. സംശയാസ്പദമായ സാഹചര്യത്തിൽ ഒരാളെ സ്കൂട്ടറിൽ കണ്ടതിനെ തുടർന്ന് തടഞ്ഞു. കീർത്തി നഗർ ഭാഗത്ത് നിന്ന് മോഷ്ടിച്ച സ്കൂട്ടറായിരുന്ന അതെന്ന് പരിശോധനയിൽ കണ്ടെത്തിയതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ സുബ്സി മന്തി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് നിരവധി മൊബൈൽ ഫോണുകളും 2.5 കിലോയിലധികം തൂക്കം വരുന്ന സ്വർണവും മോഷ്ടിച്ചതായി പ്രതി സമ്മതിച്ചു. നാടൻ തോക്കും കത്തിയുമായി ബൈക്കിൽ കറങ്ങി നടന്നാണ് രണ്ട് കൂട്ടാളികൾക്കൊപ്പം സുരാജ് കവർച്ച നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. നാടൻ തോക്ക്, തിര, 55 മൊബൈൽ ഫോൺ, അഞ്ച് ഇരുചക്രവാഹനങ്ങൾ എന്നിവ പിടിച്ചെടുത്തു.
ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ സുരാജ് ദേശീയ തൈക്വാൻഡോയിൽ രണ്ടുതവണ സ്വർണമെഡൽ ജേതാവായി. നല്ല ഗായകനായ സുരാജ് ഇന്ത്യൻ ഐഡൽ സീസൺ4 ലെ (2008) മത്സരാർഥിയായിരുന്നു. ആദ്യ 50 മത്സരാർഥികളിൽ ഒരാളായി സുരാജ് മാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.