കെണിയൊരുക്കി എക്സൈസ്; ഒടുവിൽ രാസലഹരിയുമായി ‘ബോംബെ’ കുടുങ്ങി
text_fieldsകൊച്ചി: ഏറെ നാളായി എക്സൈസിനെ വട്ടംകറക്കിയിരുന്ന ലഹരിക്കച്ചവടക്കാരൻ ‘ബോംബെ’ എന്ന മുഹമ്മദ് അസ്ലം (31) എം.ഡി.എം.എയുമായി പിടിയിലായി. പള്ളുരുത്തി എം.എൽ.എ റോഡിൽ ചാണേപറമ്പിൽ വീട്ടിൽ മുഹമ്മദ് അസ്ലം മൂന്ന് ഗ്രാം എം.ഡി.എം.എയുമായാണ് എക്സൈസ് സ്പെഷൽ സ്ക്വാഡിന്റെ പിടിയിലായത്. ‘സ്പെഷൽ മെക്സിക്കൻ മെത്ത്’ എന്ന് പറഞ്ഞായിരുന്നു വിൽപന.
അടുത്തിടെ മയക്കുമരുന്നുമായി പിടിയിലായ യുവതീയുവാക്കളിൽനിന്ന് പൊതുവായി കേട്ടിരുന്ന പേരായിരുന്നു ‘ബോംബെ’. പലരും ഇയാളെ നേരിൽ കണ്ടിട്ടില്ല. വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ ‘ബോംബെ’ എന്ന് സ്വയം പരിചയപ്പെടുത്തി, വൻ തുകകൾ വാഗ്ദാനം ചെയ്ത് എം.ഡി.എം.എ വിതരണത്തിന് പ്രേരിപ്പിക്കുന്നതായിരുന്നു രീതി. പണമിടപാടും ഓൺലൈൻ വഴി തന്നെ.
ഇയാളുടെ കെണിയിൽ അകപ്പെട്ട ഒരു യുവതിയുടെ സുഹൃത്ത് നൽകിയ വിവരം അനുസരിച്ച് സിറ്റി മെട്രോ ഷാഡോ, എറണാകുളം ഇന്‍റലിജൻസ് വിഭാഗങ്ങൾ അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് എക്സൈസ് നിർദേശാനുസരണം യുവതി ഇൻസ്റ്റഗ്രാമിലൂടെ ഇയാളോട് മയക്കുമരുന്ന് ആവശ്യപ്പെട്ടു. കലൂർ സ്റ്റേഡിയം റൗണ്ട് റോഡിൽ ടാക്സി കാറിലെത്തി. എന്നാൽ, പന്തികേട് മണത്ത് കൈവശം ഉണ്ടായിരുന്ന മയക്കുമരുന്ന് വലിച്ചെറിഞ്ഞ് കടന്നുകളയാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ ഓടിച്ചിട്ട് പിടികൂടി.
ബംഗളൂരുവിൽ വെച്ച് പരിചയപ്പെട്ട ഒരു ആഫ്രിക്കൽ സ്വദേശി വഴിയാണ് എം.ഡി.എം.എ എത്തിക്കുന്നതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു. എക്സൈസ് സി.ഐ എം. സജീവ് കുമാർ, ഇന്‍റലിജൻസ് പ്രിവന്‍റിവ് ഓഫിസർ എൻ.ജി. അജിത്കുമാർ, സിറ്റി മെട്രോ ഷാഡോയിലെ സിവിൽ എക്സൈസ് ഓഫിസർ എൻ.ഡി. ടോമി, ടി.പി. ജയിംസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് കസ്റ്റഡിയിൽ എടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.