എക്സൈസിന്റെ കഞ്ചാവ് വേട്ട: അഞ്ചുപേർ അറസ്റ്റിലായി, മുഖ്യസൂത്രധാരനെ പിടികൂടിയത് ഒളിത്താവളം വളഞ്ഞ്
text_fieldsമലപ്പുറം: എക്സൈസ് കമീഷണറുടെ ഉത്തരമേഖല സ്ക്വാഡും എക്സൈസ് ഇന്റലിജൻസും എക്സൈസ് സൈബർ സെല്ലും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി മൂന്നിടങ്ങളിൽ നടത്തിയ പരിശോധനയിൽ 36 കിലോ കഞ്ചാവ് പിടികൂടി. വിവിധ കേസുകളിലായി അഞ്ചുപേർ അറസ്റ്റിലായി. പാണ്ടിക്കാട് സ്വദേശി മുഹമ്മദ് മുബഷിർ (28), കാളികാവ് സ്വദേശി സുഫൈൽ (29), മേലാറ്റൂർ സ്വദേശികളായ ഷാഹുൽ ഹമീദ് (23), മുഹമ്മദ് ഹാഷിർ (21), നിലമ്പൂർ സ്വദേശി ഷിബിൻ (23) എന്നിവരാണ് അറസ്റ്റിലായത്. ജില്ലയിലേക്ക് വ്യാപകമായി ആന്ധ്രപ്രദേശിൽനിന്ന് മൈസൂരു വഴി കഞ്ചാവ് കടത്തുന്ന സംഘത്തെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെ ഈ സംഘത്തെ നിരീക്ഷിച്ചുവരുകയായിരുന്നു.
കൂമ്പാറയിൽ പ്രതികളെ പിടികൂടിയത് ഒളിത്താവളം വളഞ്ഞ്
മുത്തങ്ങയിൽനിന്നും മഞ്ചേരിയിൽനിന്നും പിടികൂടിയ പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ കഞ്ചാവ് കടത്തിന്റെ മുഖ്യ സൂത്രധാരനും നിരവധി കേസുകളിൽ പിടികിട്ടാപ്പുള്ളിയുമായ കാളികാവ് തൊണ്ടയിൽ വീട്ടിൽ സുഫൈലിനെ കോഴിക്കോട് കൂമ്പാറയിൽ അറസ്റ്റ് ചെയ്തു. ഇയാളുടെ കൂട്ടാളികളായ മുഹമ്മദ് ഹാഷിർ, ഷിബിൻ എന്നിവരെയും എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കൂമ്പാറയിൽ ഇവരുടെ ഒളിത്താവളം വളഞ്ഞാണ് എക്സൈസ് പ്രതികളെ പിടികൂടിയത്. എക്സൈസിനെ കണ്ട് കാറിൽ കഞ്ചാവുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെയും രണ്ട് കൂട്ടാളികളും 10 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയത്. പിടിയിലായ സുഫൈൽ ജില്ലയിൽ പ്രവേശിക്കുന്നതിന് കോടതി വിലക്കുള്ള ക്രിമിനൽ കേസ് പ്രതിയാണ്.
മലപ്പുറം ഐ.ബി ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷഫീഖ്, മഞ്ചേരി റേഞ്ച് ഇൻസ്പെക്ടർ വി.പി. ജയപ്രകാശ്, മുത്തങ്ങ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.ആർ. നിഗീഷ്, തൃശൂർ ഐ.ബി ഇൻസ്പെക്ടർ എസ്. മനോജ് കുമാർ, സ്ക്വാഡ് അംഗങ്ങളായ ടി. ഷിജുമോൻ, ഷിബു ശങ്കർ, പ്രദീപ് കുമാർ, മനോജ് കുമാർ, എം.എൻ. രഞ്ജിത്ത്, ഹരീഷ് ബാബു, ടി.കെ. സതീഷ്, സി. നിതിൻ, സി.ടി. ഷംനാസ്, അഖിൽദാസ്, പി.ബി. വിനീഷ്, വി. സച്ചിൻദാസ്, എം. സോണിയ, എം. ഉണ്ണികൃഷ്ണൻ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
18 കിലോ പിടിച്ചത് മുത്തങ്ങയിൽ, എട്ട് കിലോ മഞ്ചേരിയിലും
വാഹന പരിശോധനയിൽ വയനാട് മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽനിന്നാണ് 18 കിലോ കഞ്ചാവ് പിടികൂടിയത്. ഇന്നോവ കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ പാണ്ടിക്കാട് കുന്നുമ്മൽ വീട്ടിൽ മുഹമ്മദ് മുബഷിറാണ് ഈ കേസിൽ അറസ്റ്റിലായത്. കാറിന്റെ അടിഭാഗത്തും എൻജിൻ റൂമിലുമുള്ള രഹസ്യ അറയിലും ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഇയാളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മഞ്ചേരിയിലെ അറസ്റ്റ്. മഞ്ചേരി കുട്ടിപ്പാറയിൽവെച്ച് ബസിൽ കടത്തിയ എട്ട് കിലോഗ്രാം കഞ്ചാവുമായാണ് മേലാറ്റൂർ ഏപ്പിക്കാട് സ്വദേശി ഷാഹുൽ ഹമീദ് എക്സൈസിന്റെ വലയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.