കഞ്ചാവ് വിൽപനയിലൂടെ സമ്പാദിച്ച ഒന്നരയേക്കർ ഭൂമി എക്‌സൈസ് മരവിപ്പിച്ചു
text_fieldsമഞ്ചേരി: കഴിഞ്ഞവർഷം ആഗസ്റ്റിൽ മഞ്ചേരിയിൽനിന്ന് 84.5 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ പ്രതി പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി ഹാജ്യരാകത്ത് വീട്ടിൽ അമീർ രണ്ട് ആധാരങ്ങളിലായി രജിസ്റ്റർ ചെയ്ത ഭൂമി എക്സൈസ് വകുപ്പ് മരവിപ്പിച്ചു. അട്ടപ്പാടി കള്ളമല വില്ലേജിലെ ചെമ്മന്നൂരിൽ വാങ്ങിയ ഒന്നര ഏക്കർ ഭൂമിയാണ് ചെന്നൈ കോമ്പറ്റിറ്റിവ് അതോറിറ്റിയുടെ അംഗീകാരത്തോടെ അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം അസി. എക്‌സൈസ് കമീഷണർ ടി. അനിൽകുമാർ മരവിപ്പിച്ചത്. 2021 ആഗസ്റ്റ് 13ന് മഞ്ചേരിയിൽ പത്തര കിലോഗ്രാം കഞ്ചാവ് കാറിൽ കടത്തവെ അമീർ, അക്ക എന്ന മുരുഗേശ്വരി, അഷ്‌റഫ് എന്നിവരെ പിടികൂടിയിരുന്നു. ചോദ്യം ചെയ്തപ്പോഴും എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോ നടത്തിയ രഹസ്യാന്വേഷണത്തിലും കേരളത്തിലേക്ക് കമ്പം, മേട്ടുപ്പാളയം, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്ന് കഞ്ചാവ് കടത്തുന്ന അക്ക, അമീർ എന്നിവരുടെ രഹസ്യ കേന്ദ്രങ്ങളെക്കുറിച്ച് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഒന്നാം പ്രതി പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അമീറുമായി കോയമ്പത്തൂരിെൻറ വിവിധ ഭാഗങ്ങളിൽ നടത്തിയ അന്വേഷണത്തിൽ രണ്ടിടങ്ങളിലായി സൂക്ഷിച്ച 74 കിലോ കഞ്ചാവ്, 37,000 രൂപ എന്നിവ കണ്ടെടുത്തു.
കഞ്ചാവ് കച്ചവടത്തിലൂടെ പ്രതികൾ സമ്പാദിച്ച സ്വത്തുകളെ കുറിച്ചും എക്‌സൈസ് സംഘം വിവരം ശേഖരിച്ചിരുന്നു. ഈ സ്വത്തുക്കളാണ് മരവിപ്പിച്ചത്.
അമീറിനെയും മുരുഗേശ്വരിയെയും രണ്ടുവർഷം മുമ്പ് അഞ്ചര കിലോ കഞ്ചാവ് കടത്തിയ കേസിൽ തമിഴ്നാട്ടിൽ കമ്പം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 'ഓപറേഷൻ അക്ക'പേരിൽ മഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ടീം രൂപവത്കരിച്ചാണ് തമിഴ്നാട്ടിൽ പോയി കേസിലെ ബാക്കി തൊണ്ടി മുതലുകൾ കണ്ടെടുത്തത്.
മഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.ആർ. നിഗീഷ്, റേഞ്ച് ഇൻസ്‌പെക്ടർ ഇ. ജിനീഷ്, മലപ്പുറം ഐ.ബി ഇൻസ്‌പെക്ടർ പി.കെ. മുഹമ്മദ് ഷഫീഖ്, എക്‌സൈസ് കമീഷനറുടെ ഉത്തര മേഖല സ്ക്വാഡ് അംഗം അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ടി. ഷിജുമോൻ, ഐ.ബി. പ്രിവന്റിവ് ഓഫിസർമാരായ വി.കെ. സൂരജ്, ടി. സന്തോഷ്, സി. ശ്രീകുമാർ, പ്രിവന്റിവ് ഓഫിസർ പി. രാമചന്ദ്രൻ, ഗ്രേഡ് പ്രിവന്റിവ് ഓഫിസർ ആസിഫ് ഇഖ്ബാൽ, സിവിൽ എക്‌സൈസ് ഓഫിസർമാരായ കെ. അരുൺ കുമാർ, ടി.കെ. സതീഷ്, വി. സുബാഷ്, കെ. ഷബീറലി, സി.ടി. ഷംനാസ്, കെ. ഷബീർ, പി. റജിലാൽ, കെ. നിമിഷ, കെ.പി. ധന്യ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.
ജില്ലയിൽ ഇത്തരത്തിൽ ആദ്യമായാണ് എക്‌സൈസ് വകുപ്പ് സ്വത്തുക്കൾ മരവിപ്പിക്കുന്ന നടപടികളിലേക്ക് കടക്കുന്നത്. അന്വേഷണത്തിലുള്ള മറ്റു മയക്കുമരുന്നു കേസുകളിലും സ്വത്തുക്കൾ മരവിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.