കേരളത്തിൽ ലഹരി സംഘങ്ങൾ ലക്ഷ്യമിടുന്നത് 1100 സ്കൂളുകളെയെന്ന് എക്സൈസ് ഇന്റലിജൻസ്
text_fieldsകോഴിക്കോട്: കേരളത്തിൽ ലഹരിസംഘങ്ങൾ ലക്ഷ്യമിടുന്ന സ്കൂളുകളുടെ എണ്ണം 1100 ആയി. കഴിഞ്ഞ വർഷം എക്സൈസ് ഇന്റലിജൻസ് തയാറാക്കിയ പട്ടികയിലുണ്ടായിരുന്നത് 250 സ്കൂളുകളായിരുന്നു. നിലവിൽ അധ്യയനവർഷത്തിനു മുൻപു പുതിയ കണക്കെടുപ്പു നടത്താൻ എക്സൈസ് കമ്മിഷണർ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ടിലാണ് എണ്ണം 1100 ആയത്.
സ്കൂൾ പരിസരത്തെ ലഹരിക്കേസുകളുടെ എണ്ണം, ലഹരി ഉപയോഗം, ലഹരി സംഘങ്ങളുമായി കുട്ടികൾക്കുള്ള സമ്പർക്കം എന്നിവയാണു മാനദണ്ഡമാക്കിയാണ് എണ്ണം കണക്കാക്കുന്നത്. സ്കൂൾ പരിസരങ്ങളിലും വിദ്യാർഥികൾ സ്കൂളിലേക്കു പോകുന്ന വഴികളിലുമെല്ലാം ലഹരി വിൽപനക്കാർ കേന്ദ്രീകരിക്കുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ഇന്റലിജൻസ് തയാറാക്കിയ പട്ടികയിൽ ഏറ്റവുമധികം പ്രശ്നബാധിത സ്കൂളുകൾ കൊല്ലം (39), തിരുവനന്തപുരം (25) ജില്ലകളിലായിരുന്നു.
കേരളത്തിൽ 114 എക്സൈസ് റേഞ്ചുകളാണുള്ളത്. ഇത് അടിസ്ഥാനമാക്കിയാണ് സ്കൂളുകളുടെ പട്ടിക തയ്യാറാക്കിയത്. ഒരു റേഞ്ചിൽ പരമാവധി 10 പ്രശ്നബാധിത സ്കൂളുകളെന്ന നിലിയിലേക്ക് കാര്യങ്ങൾ മാറിയിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കാനാണ് എക്സൈസ് ഉന്നതോദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചിട്ടുള്ളത്. ഈയാഴ്ച മുതൽ തന്നെ ഹിറ്റ്ലിസ്റ്റിലുള്ള സ്കൂൾ പരിസരത്തു മഫ്തിയിൽ പട്രോളിങ് ആരംഭിക്കും.
പുതിയ അധ്യയനവർഷത്തിൽ ഓരോ സ്കൂളിനും ഒരു എക്സൈസ് ഉദ്യോഗസ്ഥനെ വീതം ചുമതലയേൽപിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനുപുറമെ, സ്കൂൾ ജാഗ്രത സമിതികൾ, പി.ടി.എ എന്നിവ ഏറെ ജാഗ്രത പുലർത്തണമെന്നാണ് ആവശ്യം. പി.ടി.എ സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിലേക്ക് മാറണെമന്നും ഇതുവഴി അധ്യാപകരുൾപ്പെടെ കൂടുതൽ ജാഗ്രത പാലിക്കുന്ന അന്തരീക്ഷമുണ്ടാകുമെന്നാണ് പൊതുവായ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.